കാസർകോട്: നീലേശ്വരം വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത് 154 പേർ. പൊള്ളലേറ്റവരില്‍ 10 പേരുടെ നില ഗുരുതരമാണ്. ജില്ലാ ആശുപത്രിയിൽ കഴിയുന്ന 33 പേരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. ഐശാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച 19 പേരിൽ മൂന്നുപേരുടേയും അരിമല ആശുപത്രിയിൽ പ്രവേശിപ്പിച്ച 12-ൽ രണ്ട് പേരുടേയും നില ഗുരുതരമാണ്. വെടിക്കെട്ടുപുരയ്ക്ക് സമീപം നിന്നിരുന്നവര്‍ക്കാണ് അപകടത്തില്‍ പൊള്ളലേറ്റത്. പൊട്ടിത്തെറിയുണ്ടായതോടെ ആളുകള്‍ ചിതറിയോടി. തിക്കിലും തിരക്കിലും നിരവധിപേർക്ക് പരിക്കേറ്റു.
40 പേരെയാണ് സഞ്ജീവനി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. നീലേശ്വരം താലൂക്ക് ആശുപത്രിയിലുള്ള 11 പേരിൽ രണ്ടുപേരുടേയും നില ഗുരുതരമാണ്. കണ്ണൂർ മിംസിൽ അഞ്ചുപേരും കെ.എ.എച്ച് ആശുപത്രിയിൽ 11 പേരുമാണുള്ളത്. ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർ രാത്രി തന്നെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു. രാത്രി പന്ത്രണ്ടരയോടെയാണ് അപകടം നടന്നത്. അപകടത്തിന്റെ വ്യാപ്തി ഇനിയും വ്യക്തമായി വരുന്നതേയുള്ളൂ.
നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചാണ് അപകടമുണ്ടായത്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോൾ, തീപ്പൊരി പടക്കംസൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു. ക്ഷേത്രമതിലിനോട് ചേർന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഇതിനുസമീപം സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ തെയ്യം കാണാൻ കൂടിനിന്നിരുന്നു. ഇവർക്കെല്ലാം പൊള്ളലേറ്റു.