നീലേശ്വരം വെടിക്കെട്ട് അപകടം; പ്രതികളുടെ ജാമ്യം റദ്ദാക്കി ജില്ലാകോടതി

പുറത്തിറങ്ങിയവര്‍ക്ക് കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ് അയക്കാനും നിര്‍ദേശം നല്‍കി. സ്വമേധയാ കേസെടുത്താണ് ജില്ലാ കോടതിയുടെ അപൂര്‍വമായ നടപടി.

author-image
Vishnupriya
New Update
pa

കാഞ്ഞങ്ങാട്: നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് വെടിക്കെട്ട് അപകടത്തില്‍ അറസ്റ്റിലായവര്‍ക്ക് ജാമ്യം നല്‍കിയ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്(രണ്ട്) കോടതിയുടെ വിധി സ്റ്റേ ചെയത് ജില്ലാ സെഷന്‍സ് കോടതി . പ്രതികളുടെ ജാമ്യം റദ്ദാക്കുകയും ചെയ്തു. റിമാന്‍ഡിലുള്ളവര്‍ ജയിലില്‍ നിന്നു പുറത്തിറങ്ങിയിട്ടില്ലെങ്കില്‍ വിടേണ്ടതില്ലെന്നു ഉത്തരവിട്ട ജില്ലാ സെഷന്‍സ് ജഡ്ജ് സാനു എസ്.പണിക്കര്‍ നിർദ്ദേശിച്ചു. പുറത്തിറങ്ങിയവര്‍ക്ക് കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ് അയക്കാനും നിര്‍ദേശം നല്‍കി. സ്വമേധയാ കേസെടുത്താണ് ജില്ലാ കോടതിയുടെ അപൂര്‍വമായ നടപടി.

കേസിലെ ഒന്നും രണ്ടു പ്രതികളായ ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് പി.കെ.ചന്ദ്രശേഖരന്‍, കെ.ടി.ഭരതന്‍, ഏഴാം പ്രതി പടക്കംപൊട്ടിച്ച പി.രാജേഷ് എന്നിവര്‍ക്കാണ് ഹൊസ്ദുര്‍ഗ് മജിസ്ടേറ്റ് ബാലുദിനേഷ് വെള്ളിയാഴ്ച ജാമ്യം അനുവദിച്ചത്. രണ്ട് ആള്‍ ജാമ്യമുള്‍പ്പെടെയുള്ള വ്യവസ്ഥയോടെയായിരുന്നു ഇത്.

മണിക്കുറുകള്‍ക്കുള്ളില്‍ ചന്ദ്രശേഖരനും ഭരതനും ജയിലില്‍ നിന്നു പുറത്തിറങ്ങി. ആള്‍ ജാമ്യത്തിന് ആരുമെത്താതിരുന്നതിനാല്‍ രാജേഷിന് പുറത്തിറങ്ങാനായില്ല. മേല്‍ക്കോടതി ഉത്തരവുണ്ടായതിനാല്‍ രാജേഷിനെ ജില്ലാ ജയിലില്‍ നിന്നു ശനിയാഴ്ച പുറത്തു വിട്ടില്ല.

കഴിഞ്ഞ തിങ്കളാഴ്ച അര്‍ധരാത്രിയിലാണ് വെടിക്കെട്ടപകടം ഉണ്ടായത്. മൂവാളംകുഴി ചാമുണ്ഡിയുടെ കുളിച്ചുതോറ്റം(വെള്ളാട്ടം) അരങ്ങിലെത്തിയപ്പോഴാണ് വെടിപ്പുരയില്‍ നിന്നു തീ ആളിപ്പടര്‍ന്നത്. 200 ലേറെപ്പേര്‍ക്ക് പരിക്കേറ്റിരുന്നു. ചികിത്സയിലള്ള ഒരാള്‍ കഴിഞ്ഞ ശനിയാഴ്ച മരണപ്പെടുകയും ചെയ്തിരുന്നു.

നിരവധിപ്പേര്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ഒന്‍പതു പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നത്. ഇവരില്‍ നാലുപേരെ അറസ്റ്റു ചെയ്തു.

പടക്കം പൊട്ടിക്കാന്‍ രാജേഷിനൊപ്പം ചേര്‍ന്ന കെ.വി. വിജയനാണ് നാലാമത്തെയാള്‍. ഇയാളുടെ ജാമ്യ ഹര്‍ജി ഹൊസ്ദുര്‍ഗ് കോടതി പരിഗണിക്കാനിക്കെയാണ് ജില്ലാ കോടതിയുടെ വിധി. അനുമതിയില്ലാതെയാണ് പടക്കം പൊട്ടിച്ചതെന്നും കുറ്റത്തിന്റെ തീവ്രത മനസിലാക്കിയാണ് സ്വമേധയാ കേസെടുത്തതെന്നും സ്റ്റേ ഉത്തരവില്‍ വ്യക്തമാക്കി.

പ്രതികള്‍ക്ക് ജാമ്യം നല്‍കിയ ഹൊസ്ദുര്‍ഗ് കോടതിയുടെ വിധി റദ്ദാക്കണമെന്നാആവശ്യപ്പെട്ട് അന്വേഷണ സംഘം ജില്ലാ സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. അപ്പീല്‍ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിക്കുന്നതിന് മുന്‍പേയാണ് സ്വമേധയാ കേസെടുത്ത് ജില്ലാക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്.

neeleswaram thiruveerarkkavu fire crackers