നീലേശ്വരം വെടിക്കെട്ട് അപകടം: പൊള്ളലേറ്റ ഒരാള്‍കൂടി മരിച്ചു; മരണസംഖ്യ നാലായി

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ച്  കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ വലിയ അപകടമുണ്ടായത്.

author-image
Vishnupriya
New Update
pa

കാസര്‍കോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു. ചെറുവത്തൂര്‍ സ്വദേശി ഷിബിന്‍രാജ്(19) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച അര്‍ധരാത്രിയോടെയായിരുന്നു മരണം സംഭവിച്ചത്. ഇതോടെ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.

വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മറ്റുരണ്ടുപേരും ഞായറാഴ്ച മരിച്ചിരുന്നു. കിനാനൂര്‍ സ്വദേശി രതീശ്, നീലേശ്വരം സ്വദേശി ബിജു എന്നിവരാണ് ചികിത്സയിലിരിക്കെ ഞായറാഴ്ച മരിച്ചത്. പൊള്ളലേറ്റ് കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചോയ്യങ്കോട് കിണാവൂര്‍ സന്ദീപ് ശനിയാഴ്ചയും മരിച്ചിരുന്നു.

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ച്  കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ വലിയ അപകടമുണ്ടായത്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോള്‍, തീപ്പൊരി പടക്കംസൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയും ആയിരുന്നു. പുലര്‍ച്ചെ 12.15-ഓടെയായിരുന്നു അപകടം.

ക്ഷേത്രമതിലിനോട് ചേര്‍ന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഇതിനുസമീപം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ തെയ്യം കാണാന്‍ കൂടിനിന്നിരുന്നു. അപകടത്തില്‍ 150-ലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു.

അപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളില്‍ മൂന്നുപേര്‍ക്ക് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (രണ്ട്) കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം ജില്ലാ കോടതി സ്വമേധയാ കേസെടുത്ത് ജാമ്യവിധി റദ്ദാക്കിയിരുന്നു.

neeleswaram fire crackers accident