തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിൽ കാണാതായ ജോയിയെ കണ്ടെത്താൻ രക്ഷാദൗത്യം തുടരുന്നു. കാമറ ഘടിപ്പിച്ച റോബോട്ടിക് യന്ത്രം ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ ശരീരഭാഗങ്ങളെന്ന് സംശയിക്കുന്ന ദൃശ്യം കണ്ടെത്തിയിരുന്നു. ഈ ഭാഗത്ത് സ്‌കൂബ ടീമിലെ മുങ്ങൽ വിദഗ്ധർ നടത്തിയ തിരച്ചിലിൽ കണ്ടത് ശരീരഭാഗങ്ങൾ അല്ലെന്ന് സ്ഥിരീകരിച്ചു. മനുഷ്യശരീരഭാഗമെന്ന് തോന്നിച്ചത് ചാക്കിൽ കെട്ടിയ മാലിന്യങ്ങളാണെന്നും രക്ഷാപ്രവർത്തകർ സൂചിപ്പിച്ചു.
അടയാളം കണ്ടെത്തിയ സ്ഥലത്ത് സ്‌കൂബ ടീം രണ്ടു വട്ടം പരിശോധന നടത്തിയിരുന്നു. 15 മീറ്റർ വലതു വശത്തേക്കും തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ജോയിലെ കാണാതായ തുരങ്കകനാലിന്റെ ദൂരം 117 മീറ്ററാണ്. ഇതിൽ ആദ്യ 100 മീറ്ററിൽ പരിശോധന കഴിഞ്ഞു. അവശേഷിക്കുന്നത് 57 മീറ്ററാണ്. അവസാന 17 മീറ്ററിൽ പരിശോധന ശക്തമാക്കാനാണ് എൻഡിആർഎഫിന്റെ തീരുമാനം.
സ്‌കൂബാ സംഘത്തിന് സുഗമമായ പരിശോധന നടത്താനായി വാട്ടർ ലെവൽ ഉയർത്തും. ഇരുട്ടും മാലിന്യക്കൂമ്പാരവും ദൗത്യത്തിന് വെല്ലുവിളിയാകുന്നതായി രക്ഷാപ്രവർത്തകർ സൂചിപ്പിച്ചു. രക്ഷാദൗത്യത്തിനായി കൊച്ചിയിൽ നിന്നും നാവിക സംഘവും തിരുവനന്തപുരത്ത് എത്തുമെന്ന് റവന്യൂമന്ത്രി കെ രാജൻ അറിയിച്ചു.