നവീനും ദേവിയും ഒന്നര വര്ഷം മുൻപും അരുണാചലിൽ മുറിയെടുത്തിരുന്നു; ആര്യ മകളാണെന്ന് പരിചയപ്പെടുത്തി

ഇരുവരുടെയും ഗൂഗിൾ മാപ്പ്  രേഖകൾ  നോക്കിയാണ് ഇവരുടെ യാത്രാ വിവരം കണ്ടെത്തിയത്. അന്ന് ഇരുവരെയും കാണാതായപ്പോൾ വീട്ടുകാർ അന്വേഷണം നടത്തിയിരുന്നു . 

author-image
Rajesh T L
New Update
arya

നവീൻ, ദേവി, ആര്യ

Listen to this article
0.75x 1x 1.5x
00:00 / 00:00

 തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഇറ്റാനഗറിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവീനും - ദേവിയും ഒന്നര വർഷം മുൻപും അരുണാചൽ പ്രദേശിലെ സിറോയിലേക്ക് യാത്ര ചെയ്തിരുന്നുവെന്ന് തെളിവുകൾ ലഭിച്ചു .കുടുംബാംഗങ്ങളോട് പറയാതെയായിരുന്നു ദമ്പതികളുടെ യാത്ര.ഇരുവരുടെയും ഗൂഗിൾ മാപ്പ്  രേഖകൾ  നോക്കിയാണ് ഇവരുടെ യാത്രാ വിവരം കണ്ടെത്തിയത്. അന്ന് ഇരുവരെയും കാണാതായപ്പോൾ വീട്ടുകാർ അന്വേഷണം നടത്തിയിരുന്നു . 

ഇക്കാര്യങ്ങൾ ദേവിയുടെ വീട്ടുകാർ ചോദിച്ചു മനസിലാക്കാൻ ശ്രമിച്ചപ്പോൾ ദമ്പതികൾ വീട് വിട്ടിറങ്ങി പോയി . ഒരു വർഷമായി കോട്ടയത്തെ നവീന്റെ വീട്ടിൽ താമസമാക്കിയ ദേവി, സ്വന്തം മാതാപിതാക്കളോട് പിണക്കത്തിലായിരുന്നു.  ഒരു ഫാം ഹൗസ് തുടങ്ങാനെന്ന് പറഞ്ഞാണ് നവീനും ദേവിയും ആയുർവേദ ഡോക്ടർ ജോലി ഉപേക്ഷിച്ചത്.കൊല്ലപ്പെട്ട ആര്യ ദമ്പതികളുടെ മകളാണെന്നു പറഞ്ഞാണ്  ഹോട്ടലിൽ അന്ന് മുറിയെടുത്തത്. അഞ്ച് ദിവസവും ദേവിക്കും നവീനും ഒപ്പം ഒരു മുറിയിൽ തന്നെയായിരുന്നു ആര്യയും താമസിച്ചിരുന്നത്. 

മാർച്ച് 17ന് കോട്ടയത്തെ വീട്ടിൽ നിന്നിറങ്ങിയ ദേവിയും നവീനും പത്തു ദിവസം എവിടെയായിരുന്നുവെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മാർച്ച് 27നാണ് ആര്യയെ തിരുവനന്തപുരത്ത് നിന്നും കാണാതായത്. എന്തിനാണ് തിരുവനന്തപുരത്ത് നിന്നും 3748 കിലോമീറ്റർ അകലെ യുള്ള സിറോ എന്ന സ്ഥലം മൂവർ സംഘം തിരഞ്ഞെടുത്തു എന്ന കാര്യത്തിൽ പൊലീസിന് വ്യക്തതയില്ല. ഹണിമൂൺവാലി എന്നറിയപ്പെടുന്ന ഈ സ്ഥലം രാജ്യാതിർത്തി ഗ്രാമമാണെന്ന് ഓൾ ഇന്ത്യാ മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്റ് വി.പി.രവീന്ദ്രൻ നായർ പറഞ്ഞു. 

ആരുമായും പൊതുവെ നവീനും ദേവിയും ആര്യയും അടുപ്പം സൂക്ഷിച്ചിരുന്നില്ല. ആര്യയ്ക്ക് വീട്ടിൽ നിന്നും നിരന്തരം വിവാഹ ആലോചനകൾ വന്നിരുന്നു. പക്ഷെ സുഹൃത്തായ ദേവിയുടെ ഇടപെടൽ കാരണമാണ് എല്ലാം നിരസിച്ചത്. ഒടുവിൽ മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങിയാണ് വിവാഹത്തിനു സമ്മതിച്ചത്. ആര്യയെ ദേവിയും നവീനും തങ്ങളുടെ അടിമയെപ്പോലെയാണ് ഉപയോഗിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇവരുടെ സംഘത്തിൽ മറ്റാരെങ്കിലും ഉണ്ടോയെന്നും പൊലീസ് പരിശോധിക്കും.

ആര്യയുടെ മൃതദേഹത്തിൽ കഴുത്തിലാണ് ബ്ലേഡ് കൊണ്ട് പരിക്കേറ്റിരിക്കുന്നത്. ദേവിയുടെ കൈകളിലാണ് മുറിവേറ്റിട്ടുള്ളത്. രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നും മുറിയിൽ നിന്നും കണ്ടെത്തി. ഈ സാഹചര്യത്തിൽ സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം നവീൻ ജീവനൊടുക്കിയതാകാമെന്നാണ് ഇറ്റാനഗര്‍ പൊലീസ് നിഗമനം. കേസിന്റെ വിശദാംശങ്ങൾ അന്വേഷിക്കുന്നതിനായി കേരള പൊലീസ് ഇന്ന് ഇറ്റാനഗറിലെത്തും. നവീന്റെയും ദേവിയുടെയും ആര്യയുടെയും ബന്ധുക്കളും പൊലീസിനൊപ്പമുണ്ട്. ഇവരെത്തിയ ശേഷമാകും പോസ്റ്റുമോർട്ടം നടപടികൾ ആരംഭിക്കുക. അതേസമയം, മൂവരുടെയും മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

arya blck magic naveen