വൈദ്യുതിമേഖലയിൽ പ്രകൃതിസൗഹൃദ സുസ്ഥിര വികസനം ലക്‌ഷ്യം : മുഖ്യമന്ത്രി

ഇടുക്കി ജില്ലയിലെ തൊട്ടിയാർ ജലവൈദ്യുതപദ്ധതി നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2040 ഓടെ കേരളത്തെ സമ്പൂര്‍ണ്ണ പുനരുപയോഗ ഊര്‍ജ്ജഅധിഷ്ഠിത സംസ്ഥാനമാക്കി മാറ്റാനുള്ള ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

author-image
Prana
New Update
cm inau

സംസ്ഥാനത്തെ വൈദ്യതിമേഖലയിൽ പ്രകൃതിസൗഹൃദ സുസ്ഥിര വികസനമാണ് സർക്കാർ ലക്‌ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കി ജില്ലയിലെ തൊട്ടിയാർ ജലവൈദ്യുതപദ്ധതി നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2040 ഓടെ കേരളത്തെ സമ്പൂര്‍ണ്ണ പുനരുപയോഗ ഊര്‍ജ്ജഅധിഷ്ഠിത സംസ്ഥാനമാക്കി മാറ്റാനുള്ള ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

വികസനരംഗത്തെ തടസ്സങ്ങൾ ഇല്ലാതാക്കുകയാണ് ഈ സര്‍ക്കാര്‍ ആദ്യം ചെയ്തിട്ടുള്ളത്. ദേശീയപാതാ വികസനം പുനരാരംഭിച്ചു, ഗെയില്‍ പൈപ്പ് ലൈന്‍ പൂര്‍ത്തിയാക്കി, പവര്‍ ഹൈവേ യാഥാര്‍ത്ഥ്യമാക്കി. എന്നാൽ വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റുകയും വിതരണ ശൃംഖലയെ നവീകരിക്കേണ്ടതുമുണ്ട്. വ്യാവസായിക ആവശ്യങ്ങള്‍ക്കും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും മതിയായ ഊര്‍ജ്ജ ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്.

നിലവില്‍ കേരളത്തിന് പ്രതിദിനം ഏകദേശം 4,500 മുതല്‍ 5,000 മെഗാ വാട്ട് വൈദ്യുതി ആവശ്യമുണ്ട്. ഇക്കഴിഞ്ഞ വേനല്‍ക്കാലത്ത്, ആവശ്യകത 5,700 മെഗാവാട്ടിനു മുകളില്‍ പോയി. അഭ്യന്തര ഉൽപാദനത്തെ മാത്രം ആശ്രയിക്കാൻ കഴിയാത്ത സാഹചര്യമാണ്.  

തൊട്ടിയാർ പദ്ധതിക്കുപുറമെ ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം ഇതുവരെ 48.55 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള ജലവൈദ്യുത പദ്ധതികളും 910 മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ പദ്ധതികളും പുതുതായി നടപ്പാക്കിയിട്ടുണ്ട്. വര്‍ദ്ധിച്ചുവരുന്ന വൈദ്യുതി ഉപഭോഗം കണക്കിലെടുത്ത് 2030 ഓടുകൂടി സ്ഥാപിത ശേഷി 10,000 മെഗാവാട്ട് ആയി ഉയര്‍ത്തുന്നതിനാണ് ഈ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

തൊട്ടിയാര്‍ ജലവൈദ്യുതപദ്ധതിക്കു പുറമെ പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ സ്‌കീം, ഭൂതത്താൻകെട്ട് ചെറുകിട ജലവൈദ്യുത പദ്ധതി, മാങ്കുളം ജലവൈദ്യുത പദ്ധതി, ചിന്നാർ ചെറുകിട ജലവൈദ്യുത പദ്ധതി, ഒലിക്കല്‍ ചെറുകിട ജലവൈദ്യുത പദ്ധതി, പൂവാരംതോട് ചെറുകിട ജലവൈദ്യുത പദ്ധതി, ചെങ്കുളം ഓഗ്മെന്റേഷന്‍ പദ്ധതി, പഴശ്ശി സാഗര്‍ ചെറുകിട ജലവൈദ്യുത പദ്ധതി, അപ്പര്‍ ചെങ്കുളം ചെറുകിട ജലവൈദ്യുത പദ്ധതി എന്നിവയും നടപ്പാക്കിവരികയാണ്. കേരളത്തിന് പുറത്ത് കൽക്കരിനിലയങ്ങൾ ആരംഭിക്കുന്നതിനെക്കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്.

ജലവൈദ്യുത പദ്ധതികള്‍ക്ക് പുറമെ സൗരോര്‍ജ്ജത്തെയും കേരളത്തിന് പ്രയോജനപ്പെടുത്തേണ്ടതുണ്ട്. . ഇതിനായിട്ടാണ് "സൗര" പദ്ധതി നടപ്പാക്കുന്നത്. ഇതിന് കീഴില്‍ രണ്ട് ഘട്ടങ്ങളിലായി 203.34 മെഗാവാട്ടിന്റെ 49,402 നിലയങ്ങള്‍ കമ്മീഷന്‍ ചെയ്യാന്‍ കഴിഞ്ഞു. പുറമെ മറ്റു വിവിധ പദ്ധതികളുടെ കീഴില്‍ 1,70,638 നിലയങ്ങള്‍ സ്ഥാപിച്ചതു വഴി സൗരോര്‍ജ്ജത്തിലൂടെ 1,215.68 മെഗാവാട്ട് കൂടി ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

വൈദ്യുതി വിതരണ മേഖലയെ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയാണ് "ദ്യുതി". ഇതിന്റെ ആദ്യഘട്ടത്തില്‍ 3,765 കോടി രൂപയുടെ പദ്ധതികളും രണ്ടാം ഘട്ടത്തില്‍ 747 കോടി രൂപയുടെ പദ്ധതികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി 15,000 കിലോമീറ്ററോളം ലൈനുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. 6,158 ട്രാന്‍സ്‌ഫോര്‍മറുകളും സ്ഥാപിച്ചു. ഇത്തരത്തില്‍ ഊര്‍ജ്ജ ഉല്‍പാദന, വിതരണ, ഉപയോഗരംഗങ്ങളില്‍ കാര്യക്ഷമതയോടെയുള്ള ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Electricity power project CM Pinarayi viajan