സംസ്ഥാനത്തെ 12 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 11 ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് (എ.ക്യു.എ.എസ്) അംഗീകാരവും ഒരു ആശുപത്രിയ്ക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ ലക്ഷ്യ സർട്ടിഫിക്കേഷനുമാണ് ലഭിച്ചത്. ഇതോടെ ആകെ 187 ആരോഗ്യ സ്ഥാപനങ്ങൾക്ക് എൻ.ക്യു.എ.എസ്. സർട്ടിഫിക്കേഷനും 12 ആരോഗ്യ സ്ഥാപനങ്ങൾക്ക് ലക്ഷ്യ സർട്ടിഫിക്കേഷനും ലഭിച്ചതായി മന്ത്രി പറഞ്ഞു.
കോട്ടയം സി.എച്ച്.സി. കൂടല്ലൂർ 89.67% സ്‌കോറും, എറണാകുളം സി.എച്ച്.സി. രാമമംഗലം 93.09% സ്‌കോറും, തിരുവനന്തപുരം പി.എച്ച്.സി. ആനാട് 93.57% സ്‌കോറും, ഇടുക്കി പി.എച്ച്.സി. കുമളി 92.41% സ്‌കോറും, കെ.പി. കോളനി 92.51% സ്‌കോറും, പി.എച്ച്.സി. പെരുവന്താനം 93.37% സ്‌കോറും, പാലക്കാട് പി.എച്ച്.സി. അടക്കാപുത്തൂർ 93.57% സ്‌കോറും, മലപ്പുറം പി.എച്ച്.സി. വാഴക്കാട് 95.83% സ്‌കോറും, കണ്ണൂർ പി.എച്ച്.സി മൊറാഴ 94.97% സ്‌കോറും, കാസർഗോഡ് പി.എച്ച്.സി കുമ്പഡാജെ 94.37% സ്‌കോറും നേടി എൻ.ക്യു.എ.എസ്. അംഗീകാരവും കണ്ണൂർ പി.എച്ച്.സി കതിരൂർ 93.52% സ്‌കോർ നേടി പുന:അംഗീകാരവും കരസ്ഥമാക്കി.
ഇതോടെ സംസ്ഥാനത്തെ 187 ആശുപത്രികൾ എൻ.ക്യു.എ.എസ്. അംഗീകാരവും 82 ആശുപത്രികൾ പുന:അംഗീകാരവും നേടിയെടുത്തു. 5 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 41 അർബൻ പ്രൈമറി ഹെൽത്ത് സെന്റെർ, 126 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻ.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുള്ളത്.
8 വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകൾ വിലയിരുത്തിയാണ് ഒരു ആശുപത്രിയെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തുന്നത്. എൻ.ക്യു.എ.എസ്. അംഗീകാരത്തിന് 3 വർഷ കാലാവധിയാണുളളത്. 3 വർഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എൻ.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന പി.എച്ച്.സി.കൾക്ക് 2 ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികള്ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസെന്റീവ് ലഭിക്കും.
തിരുവനന്തപുരം പാറശ്ശാല ഗവ. താലൂക്ക് ആസ്ഥാന ആശുപത്രിയ്ക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ചു. ലേബർ റൂം 95.92% സ്‌കോറും മറ്റേർണിറ്റി ഒ.ടി 95.92% സ്‌കോറും നേടിയാണ് ഈ അംഗീകാരം നേടിയത്.
മാതൃശിശു മരണ നിരക്ക് കുറയ്ക്കുക അതോടൊപ്പം തന്നെ ഗർഭിണികളായ സ്ത്രീകൾക്കും നവജാത ശിശുക്കൾക്കും മികച്ച പരിചരണം ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ലക്ഷ്യ പദ്ധതി ആവിഷ്‌കരിച്ചത്. ലോകോത്തര നിലവാരത്തിലുളള പ്രസവ ചികിത്സ ലഭ്യമാക്കുക, അണുബാധ കുറയ്ക്കുക, പ്രസവ സമയത്ത് മെച്ചപ്പെട്ട സംരക്ഷണം, ഇതുകൂടാതെ പ്രസവാനന്തരമുളള ശൂശ്രൂഷ, ഗുണഭോക്താക്കളുടെ സംതൃപ്തി, ലേബർ റൂമുകളുടെയും പ്രസവ സംബന്ധമായ ഓപ്പറേഷൻ തിയേറ്ററുകളുടേയും ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ് ലക്ഷ്യ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. കേരളത്തിൽ മെഡിക്കൽ കോളേജുകളിലും, ജില്ലാ ആശുപത്രികളിലും താലൂക്കാശുപത്രികളിലുമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.