തൃശൂര്‍: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ വേരുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ബിജെപി പതിനെട്ടടവും പയറ്റുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ തന്നെയാണ് പ്രചാരണം ചൂടുപിടിക്കുന്നത്. കേരളത്തിലെ സ്റ്റാര്‍ മണ്ഡലങ്ങള്‍ പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ നിരവധി തവണയാണ് പ്രധാനമന്ത്രി കേരളത്തില്‍ എത്തിയത്. ഇപ്പോഴിതാ ഒരുക്കല്‍ക്കൂടി അദ്ദേഹം കേരളത്തില്‍ എത്തുകയാണ്. വരുന്ന പതിനഞ്ചിന് കുന്നംകുളത്തെ പ്രചാരണ പരിപാടിയിലാണ് പ്രധാനമന്ത്രി പ്രസംഗിക്കുക. ചെറുവത്തൂര്‍ ഗ്രൗണ്ടില്‍ രാവിലെ 11 മണിയ്ക്കായിരിക്കും പൊതുസമ്മേളനം. ഇതിന് മുന്നോടിയായി റോഡ് ഷോയും ഉണ്ടാകും.
എന്നാല്‍ ബിജെപി ഒട്ടും പ്രതീക്ഷയില്ലാത്ത മണ്ഡലമാണ് ആലത്തൂര്‍. ആലത്തൂര്‍ മണ്ഡത്തിലെ കുന്നംകുളത്ത് പ്രധാനമന്ത്രി എത്തുന്നതിന് പിന്നിലെ രാഷട്രീയ മാനങ്ങള്‍ ചര്‍ച്ചയാവുകയാണ്. അതില്‍ ഒന്നാമതായി എടുത്ത് പറയേണ്ടത് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം എടുത്തുപറഞ്ഞ ഒരു കാര്യമുണ്ട്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ നിക്ഷേപകരുടെ പണം ആര്‍ക്കും നഷ്ടപ്പെടില്ലെന്നും അത് നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കുമെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇ ഡിയെ മുന്‍ നിര്‍ത്തി ബിജെപി കരുവന്നൂരില്‍ നടക്കുന്ന നീക്കം അതിന്റെ അവസാനഘട്ടത്തിലേക്ക് എത്തുകയാണ്. മുന്‍ മന്ത്രി എ.സി മൊയ്തീന്റെ സ്വാധീനമേഖലകൂടിയാണ് കുന്നംകുളം. കേസില്‍ മൊയ്തീന് ഇ.ഡി കുരുക്കിട്ടുകഴിഞ്ഞു. പിന്നാലെ മുന്‍ എംപിയും മുതിര്‍ന്ന സിപിഎം നേതാവുമായി പി.കെ ബിജു ഉള്‍പ്പെടെയുള്ളവര്‍ പ്രതിക്കൂട്ടിലായും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധമുള്ളയാളാണ് പി.കെ ബിജുവെന്ന് മനസിലാക്കിത്തന്നെയാണ് ബിജെപിയുടെ പുതിയ നീക്കം.
പ്രചാരണത്തിനെത്തുന്ന പ്രധാനമന്ത്രി എന്തൊക്കെ പ്രചാരണങ്ങളാണ് നടത്താന്‍ പോവുകയെന്ന് കണേണ്ടിയിരിക്കുന്നു. ആലത്തൂരിലെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി പാലക്കാട് വിക്ടോറിയ കോളേജിലെ റിട്ടയേര്‍ഡ് പ്രിന്‍സിപ്പല്‍ ഡോ.ടി.എന്‍.സരസുവാണ്. സരസുവിന് എസ്എഫ്ഐ പിള്ളേര്‍ കുഴിമാടമൊരുക്കിയത് ഒരുകാലത്ത് ഏറെ ചര്‍ച്ചയായതാണ്. മാത്രമല്ല പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അഭിപ്രായവും പ്രധാനമന്ത്രി പ്രകടിപ്പിക്കാനിടയുണ്ട്. എസ്എഫ്ഐയുടെ അക്രമരാഷ്ട്രീയം എന്ന ലേബലില്‍ പിടിച്ച് സിപിഎമ്മിന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടാനും അദ്ദേഹം ശ്രമിക്കുമെന്നും പറയുന്നു. അങ്ങനെയെങ്കില്‍ ആലത്തൂരില്‍ പ്രതീക്ഷയില്ലെങ്കിലും തൃശൂരിലേക്ക് അതിന്റെ കാറ്റ് വീശുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നുണ്ട്.
പ്രധാനമായും മറ്റൊരു കാര്യം ചൂണ്ടിക്കാട്ടുന്നത് മാസപ്പടിക്കേസിലും, എക്സാലോജിക്സ് കേസിലുമെല്ലാം അന്വേഷണം നേരിടുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കാര്യമാണ്. പ്രധാനമന്ത്രി കുന്ദംകുളം സന്ദര്‍ശനം നടത്തി മടങ്ങിയശേഷം വീണാ വിജയന്റെയും കരുവന്നൂര്‍ കേസില്‍ പി.കെ ബിജുവിന്റേതുമുള്‍പ്പെടെയുള്ള അറസ്റ്റിനും സാദ്ധ്യത ഉണ്ടെന്നുള്ളതാണ്. അങ്ങനെയെങ്കില്‍ സിപിഎമ്മിന് ദേശീയതലത്തില്‍ തന്നെ അത് വന്‍ തിരിച്ചടിയാകും. വീണയുടെ അറസ്റ്റ് ആഘോഷിക്കാന്‍ പ്രതിപക്ഷം ഒരുങ്ങുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ സിപിഎമ്മും അണിയറയില്‍ നീക്കം നടത്തുന്നുണ്ടെന്നാണ് പറയുന്നത്. ഒരു പക്ഷെ ഒരു രാഷ്ട്രീയ സംഘര്‍ഷത്തിലേക്കും അത് സംസ്ഥാനത്തെ കൊണ്ടുചെന്നെത്തിച്ചേക്കാം. ഇത് മുതലെടുത്ത് ബിജെപിക്ക് മണ്ഡലങ്ങളിലെ വോട്ട് വിഹിതം വാര്‍ദ്ധിപ്പിക്കാവുകയും സ്റ്റാര്‍ മണ്ഡലങ്ങളിലെ വിജയസാദ്ധ്യ ഉറപ്പിക്കാനാവുമെന്നും ബിജെപി കണക്കുകൂട്ടുന്നുണ്ട്.
ഇങ്ങനെയൊക്കെ ആണെങ്കിലും ആലത്തൂരില്‍ ബിജെപിക്ക് കാര്യമായ മാറ്റമുണ്ടാക്കാനാവില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്‍ അടക്കം മത്സരിച്ച് ജയിച്ച ഒറ്റപ്പാലം മണ്ഡലമാണ് 2008ലെ മണ്ഡല പുനര്‍ക്രമീകരണത്തെ തുടര്‍ന്ന് ആലത്തൂര്‍ മണ്ഡലമായി മാറിയത്. ഒറ്റപ്പാലമായിരുന്നപ്പോഴും, ആലത്തൂരായപ്പോഴും ഇത് എസ് സി സംവരണ മണ്ഡലമാണ്. ഇവിടെ നിന്ന് സിപിഎം നേതാവായ എ കെ ബാലന്‍, ചലചിത്ര സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ തുടങ്ങിയവര്‍ പരാജയത്തിന്റെ രുചി അറിഞ്ഞിട്ടുണ്ട്. ഇവിടെ കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും ജീവിത പ്രശ്‌നങ്ങളാകും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. തികഞ്ഞ ഒരു ഗ്രാമീണ മേഖലയാണ് ആലത്തൂര്‍ മണ്ഡലം. പഴയ കാല കഥകള്‍ ചിത്രീകരിക്കുവാന്‍ സിനിമാ പ്രവര്‍ത്തകര്‍ തിരഞ്ഞെടുക്കുന്ന പ്രദേശമാണ് ആലത്തൂര്‍. ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം തിരൂര്‍, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി, നിയമസഭ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫിനാണ് മേല്‍ക്കൈ. എന്നാല്‍ 2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സ്ഥിതി നേരെ മറിച്ചായിരുന്നു.
കെ ആര്‍ നാരായണന്‍ ഉപരാഷ്ട്രപതിയായപ്പോള്‍ 1993ല്‍ നടന്ന ഉപതിരഞ്ഞെടുപ്പ് മുതല്‍ ഇടത് കോട്ടയായി ഇവിടം മാറുകയായിരുന്നു. ഇടത്പക്ഷ പ്രതിനിധികളായ എസ് ശിവരാമനേയും, അജയകുമാറിനേയും, പി. കെ. ബിജുവിനേയും തുടര്‍ച്ചയായി ജയിപ്പിച്ചു. ആലത്തൂര്‍ പാര്‍ലമെന്റ് നിയോജക മണ്ഡലം അതോടെ ഇടതുപക്ഷത്തിന്റെ ശക്തി കേന്ദ്രമായി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ തന്നെയാണ് വിജയിച്ചിട്ടുള്ളത്. 2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയ ഇടത് നേതാവിന്റെ പരാമര്‍ശമാണ് കോണ്‍ഗ്രസിന് തുണയായത്. രമ്യ ഹരിദാസ് പാട്ടുപാടി ജയിക്കുവാന്‍ അത് കാരണമായി. വലിയ ഭൂരിപക്ഷത്തിനാണ് രമ്യ ഹരിദാസ് അന്ന് ജയിച്ചത്. അന്ന് സിറ്റിംഗ് എംപിയായ പി കെ ബിജുവിനെ തോല്‍പ്പിച്ചാണ് ആലത്തൂര്‍ മണ്ഡലത്തിന്റെ പ്രതിനിധിയായി കോണ്‍ഗ്രസിന്റെ രമ്യ ഹരിദാസ് പാര്‍ലമെന്റില്‍ എത്തിയത്. എന്നാല്‍ ഇന്ന് സ്ഥിതി മറിച്ചാണ്.
ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി വന്നിരിക്കുന്നത് ആലത്തൂരിലെ ജനങ്ങള്‍ക്ക് പരിചിതനും കക്ഷി രാഷ്ട്രീയത്തിനതീതമായി ബന്ധങ്ങളുള്ള കെ. രാധാകൃഷ്ണനാണ്. നിലവില്‍ കേരള സര്‍ക്കാരിന്റെ മന്ത്രിയാണ്. മുന്‍പ് സ്പീക്കറും, മന്ത്രിയും, ത്യശ്ശുര്‍ ജില്ലയുടെ സിപിഎം സെക്രട്ടറിയുമായിരുന്ന അദ്ദേഹത്തിനെ ജനങ്ങള്‍ക്ക് കക്ഷി രാഷ്ട്രീയത്തിനതീതമായി എപ്പോഴും സമീപിക്കാമായിരുന്നു. അദ്ദേഹത്തിനുള്ള മണ്ഡലത്തിലെ ബന്ധങ്ങള്‍ മറ്റൊരു രാഷ്ട്രീയ നേതാവിനും കാണുമെന്ന് തോന്നുന്നില്ല. അതുകൊണ്ടുതന്നെ ഇത്തവണത്തെ തിഞ്ഞെടുപ്പില്‍ പാട്ടുപാടി ജയിക്കാന്‍ രമ്യ ഹരിദാസിന് സാധിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.