പാലക്കാട് തേങ്കുറിശ്ശിയില്‍ നടന്ന ദുരഭിമാനക്കൊലയാണ് കേരളം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. 2020-ലെ ക്രിസ്മസ് രാത്രിയായിരുന്നു കേരളത്തിന്റെ മന:സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് അനീഷ് എന്ന ചെറുപ്പക്കാരന്‍ ദുരഭിമാനക്കൊലയ്ക്ക് ഇരയായത്. വിവാഹത്തിന്റെ 88-ാം ദിവസമായിരുന്നു കൊലപാതകം. വിവാഹശേഷം പലപ്പോഴായി അനീഷിനെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.കേസിലെ പ്രതികള്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത് കഴിഞ്ഞ ദിവസമാണ്.
വടക്കേയിന്ത്യയിലും കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കര്‍ണാടകയിലുമൊക്കെ അരങ്ങേറിയിരുന്ന ദുരഭിമാനക്കൊല മുമ്പും കേരളത്തിലും നടന്നിട്ടുണ്ട്. അതില്‍ നമുക്ക് ഒരിക്കലും മറക്കാനാവാത്ത പേരാണ് കെവിന്‍ ജോസഫ് എന്ന ചെറുപ്പക്കാരന്റേത്.
വിവാഹത്തെ എതിര്‍ത്ത മാതാപിതാക്കള്‍ താഴ്ന്ന ജാതിക്കാരനായതിനാല്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കെവിന്‍ ജോസഫിന്റെ ഭാര്യ നീനു ചാക്കോ കോടതിയോട് പറഞ്ഞത്. താഴ്ന്ന ജാതിയില്‍പ്പെട്ട ഒരാളുമായുള്ള വിവാഹം അവരുടെ കുടുംബത്തിന്റെ മാനം കെടുത്തുമെന്ന് ബന്ധുക്കള്‍ കരുതിയതിനാലാണ് കെവിനെ കൊലപ്പെടുത്തിയത്.
പോലീസ് ഉദ്യോഗസ്ഥര്‍ ആദ്യം കേസുമായി സഹകരിച്ചില്ലെന്നും കെവിന്റെ ഭാര്യ കോടതിയെ അറിയിച്ചിരുന്നു. കേസ് കൈകാര്യം ചെയ്യുന്നതില്‍ വന്ന അലംഭാവത്തെക്കുറിച്ചും അന്വേഷണം നടത്താന്‍ പോലീസ് വിസമ്മതിച്ചതിനെക്കുറിച്ചും അവര്‍ പരാതിപ്പെട്ടു.
മെയ് 27-ന് മൂന്ന് വാഹനങ്ങളിലെത്തിയ ആയുധധാരികളായ സംഘം കെവിനേയും ബന്ധുവായ അനീഷിനേയും ബലമായി പിടിച്ചുകൊണ്ടുപോയി. തട്ടിക്കൊണ്ടുപോയവര്‍ അനീഷിനെ ക്രൂരമായി മര്‍ദ്ദിക്കുകയും വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തു.
പിറ്റേന്ന് കൊല്ലം പുനലൂരിലെ ചാലിയക്കര എന്ന സ്ഥലത്തെ തോട്ടില്‍ കെവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ കെവിന്റെ ശരീരത്തില്‍ 16 വെട്ടുകളും ചതവുകളും കണ്ടെത്തിയിരുന്നു.
പോലീസ് തുടക്കത്തില്‍ കേസ് കൈകാര്യം ചെയ്ത രീതിയില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. തുടര്‍ന്ന് പോലീസ് നടപടികളില്‍ പുരോഗതി ഉണ്ടാവുകയും ചെയ്തു.
കോട്ടയത്തെ നട്ടശ്ശേരിയില്‍ നിന്നുള്ള ഇടത്തരം ക്രിസ്ത്യന്‍ കുടുംബത്തില്‍ പെട്ടയാളാണ് കെവിന്‍ ജോസഫ്. പെണ്‍കുട്ടി ഒരു ലത്തീന്‍ കത്തോലിക്കാ പശ്ചാത്തലത്തില്‍ നിന്നാണ്. കെവിനെ തട്ടിക്കൊണ്ടു പോകുന്നതിന് രണ്ട് ദിവസം മുമ്പ് ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു.
കേരളം പുരോഗമനവാദികളുടെ നാടാണെന്നു പറയുമ്പോഴും ദുരഭിമാനക്കൊലകള്‍ ആവര്‍ത്തിക്കുന്നത് സംസ്ഥാനത്ത് അപമാനമാണ്. ദുരഭിമാന കൊല മാതാപിതാക്കളുടെ കരുതലാണെന്ന് പറയുന്നവരും നമ്മുക്കിടയിലുണ്ട് എന്നതാണ് അമ്പരപ്പിക്കുന്ന യാഥാര്‍ത്ഥ്യം. ഇത്തരത്തിലൊരു വിചിത്ര ന്യായീകരണവുമായി നടന്‍ രഞ്ജിത്ത് രംഗത്തെത്തിയിരുന്നു. നടന്റെ അഭിപ്രായ പ്രകടനത്തിനു പിന്നാലെ താരത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നു.
ദുരഭിമാനക്കൊലകള്‍ ഗോത്ര ആചാരങ്ങളില്‍ നിന്നാണ് ഉത്ഭവിച്ചതെന്നാണ് കരുതുന്നത്. ഇന്ത്യ ഉള്‍പ്പടെയുള്ള വിവിധ രാജ്യങ്ങളില്‍ ഇത് വ്യാപകമാണ്. ഫിലിപ്പീന്‍സ്, ലാറ്റിന്‍ അമേരിക്ക, മെന എന്നീ രാജ്യങ്ങളിലും ദക്ഷിണേഷ്യയിലും പ്രത്യേകിച്ച് ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍ എന്നിവിടങ്ങളിലുമാണ് ദുരഭിമാന കൊലകള്‍ ഏറ്റവും കൂടുതല്‍ സംഭവിക്കുന്നത്.