തിരുവനന്തപുരം: അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ ഹോട്ടൽ മുറിയിൽ ദമ്പതികളടക്കം മൂന്നു പേർ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . മരിച്ച നവീൻ, സാത്താൻസേവയുമായി ബന്ധപ്പെട്ട ടെലഗ്രാം ഗ്രൂപ്പുകളിൽ അംഗമായിരുന്നുവെന്നാണ് പുതിയ വിവരം. ശരീരത്തിൽനിന്ന് ആത്മാവിനെ മോചിപ്പിക്കുന്ന ആസ്ട്രൽ പ്രൊജക്‌ഷനെക്കുറിച്ചു കൂടുതൽ അറിയാൻ നവീൻ ശ്രമിച്ചിരുന്നതായി ഇതിലൂടെ വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട വിശദമായ വായനയും ചർച്ചകളുമാണ് അരുണാചൽ പ്രദേശിൽ പോയാൽ അനൃഗ്രഹത്തിലെത്താം എന്ന ചിന്തയിലേക്ക് നവീൻ വഴിത്തിരിഞ്ഞത് .
ഭാര്യ ദേവിയോടും ഇത്തരം വഴികളിലേക്ക് കൊണ്ടുവന്നതും നവീൻ എന്നാണ് ആരോപണം. ദേവി ഇക്കാര്യങ്ങൾ അടുത്ത സുഹൃത്തായ ആര്യയോടും പറഞ്ഞിട്ടുണ്ടാവുമെന്നാണ് സംശയം. അതേസമയം, ഈ ടെലിഗ്രാം ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചു വൻ സാമ്പത്തിക തട്ടിപ്പുകളും നടക്കുന്നതായി വിവരമുണ്ട്.
ആത്മഹത്യയിലൂടെ പുനർജന്മം സാധ്യമാകും എന്നാണ് നവീൻ വിശ്വസിച്ചിരുന്നത് . നിലവിലുള്ളതിനെക്കാൾ മികച്ച ജീവിതമാണു മരണാനന്തരം ടെലഗ്രാം ഗ്രൂപ്പുകൾ വാഗ്ദാനം ചെയ്യുന്നത്. ദൈവത്തെക്കുറിച്ചും ആത്മീയതയെക്കുറിച്ചും സംസാരിച്ചാണ് ഈ ഗ്രൂപ്പുകളിലേക്കുള്ള കെണിയൊരുക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയാൻ ടെലഗ്രാം ഗ്രൂപ്പിലേക്കു ക്ഷണിക്കുന്നതാണു രീതി. കെണിയിൽപ്പെടുന്നവർ മരണശേഷമുള്ള സുഖജീവിതത്തെപ്പറ്റി വിവരങ്ങൾ കൈമാറി പങ്കാളികളെയും സുഹൃത്തുക്കളെയും ഒപ്പം ചേർക്കും. ഇതാണു നവീൻ വഴി ദേവിയിലേക്കും പിന്നീട് ആര്യയിലേക്കും നീണ്ട മരണത്തിനു വഴിയൊരുക്കിയതെന്നാണ് അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ നിഗമനം .