കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയായ ശ്രീക്കുട്ടിക്ക് ജാമ്യം. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ പ്രതിക്കെതിരെ പ്രേരണാകുറ്റമാണ് ചുമത്തിയിരുന്നത്. ശനിയാഴ്ച ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായിരുന്നു. നിലവിൽ അട്ടക്കുളങ്ങര ജയിലിലാണ് പ്രതി ശ്രീക്കുട്ടിയുള്ളത്.
കരുനാഗപ്പള്ളി സ്വദേശി അജ്മലും സ്വകാര്യ ആശുപത്രിയിലെ ഡോക്റായിരുന്ന ശ്രീക്കുട്ടിയും സഞ്ചരിച്ച കാർ കുഞ്ഞുമോളും ബന്ധുവും സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചു. മദ്യലഹരിയിൽ ആയിരുന്ന പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ റോഡിൽ വീണുകിടന്ന കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കുകയായിരുന്നു. കാറോടിച്ച ഒന്നാം പ്രതി അജ്മലിനെതിരെ മനപ്പൂർവമുള്ള നരഹത്യ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കാറിൻറെ പിൻസീറ്റിലായിരുന്നു രണ്ടാം പ്രതി ശ്രീക്കുട്ടി. ശ്രീക്കുട്ടിയുടെ പ്രേരണയിലാണ് അജ്മൽ കാറുമായി രക്ഷപ്പെടാൻ ശ്രമിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞിരുന്നു.
ഇതിൻറെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ പ്രേരണ കുറ്റം ചുമത്തിയത്. ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളിയതോടെ പ്രതിഭാഗം ജില്ലാ സെഷൻ കോടതിയെ സമീപിച്ചിരുന്നു. പ്രതിയുടെ ജാമ്യാപേക്ഷയിൽ സെഷൻസ് കോടതി വാദം കേട്ടു. രണ്ടാം പ്രതിക്ക് ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ട് എന്നതടക്കം പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചിരുന്നു. പ്രതികളുടെ പരസ്കപര വിരുദ്ധ മൊഴിയും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. ഒന്നാം പ്രതി അജ്മൽ ഉടൻ ജാമ്യാപേക്ഷയുമായി സെഷൻസ് കോടതിയെ സമീപിക്കും. അജ്മലിൻറെ ജാമ്യ നീക്കവും ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.