കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യ ജയിലിനു പുറത്തിറങ്ങി. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് ദിവ്യ മോചിതയായത്. റിമാന്‍ഡിലായി പതിനൊന്നാം ദിവസമാണ് ദിവ്യ പുറത്തിറങ്ങുന്നത്.
കണ്ണൂര്‍ പള്ളിക്കുന്ന് വനിതാ ജയിലിനു പുറത്ത് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ഹ്രസ്വമായ പ്രതികരണം മാത്രമാണ് ദിവ്യ നടത്തിയത്. നവീന്‍ ബാബുവിന്റെ മരണത്തില്‍ ദുഃഖമുണ്ടെന്ന് ദിവ്യ പറഞ്ഞു. തന്റെ ഇടപെടല്‍ സദുദ്ദേശപരമായിരുന്നു. ഉദ്യോഗസ്ഥരോട് സദുദ്ദേശപരമായി മാത്രമേ ഇടപെടാറുള്ളൂ.
നവീന്‍ ബാബുവിന്റെ മരണത്തില്‍ കൃത്യമായ അന്വേഷണം വേണം. അദ്ദേഹത്തിന്റെ കുടുംബത്തെ പോലെ അതുതന്നെയാണ് തന്റെയും ആഗ്രഹം. താനിപ്പോഴും നിയമത്തില്‍ വിശ്വസിക്കുന്നു. നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്നും ദിവ്യ വ്യക്തമാക്കി. നാട്ടുകാരായാലും മാധ്യമപ്രവര്‍ത്തകരായാലും എന്നെ കാണാന്‍ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടോളമായി. പൊതുപ്രവര്‍ത്തന രംഗത്ത് എല്ലാവരുമായി സഹകരിച്ചു പോകുന്ന ഒരാളാണ് താനെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു. ജയിലിനു പുറത്തിറങ്ങിയ ദിവ്യയെ സ്വീകരിക്കാന്‍ സി പി എം നേതാക്കളും പ്രവര്‍ത്തകരും എത്തിയിരുന്നു.