ആകാശ് തില്ലങ്കേരി പനമരം ടൗണിലൂടെ നിയമലംഘനം നടത്തി ഓടിച്ച വാഹനം അടിമുടി വ്യാജനെന്ന് മോട്ടോർവാഹനവകുപ്പ്. വാഹനത്തിന്റെ എൻജിൻ, ബ്രേക്കിങ് സിസ്റ്റം, ഗിയർ ബോക്‌സ് തുടങ്ങി ടയർവരെ മാറ്റിസ്ഥാപിച്ചതാണ്.
പനമരം പോലീസ് കസ്റ്റഡിയിലുള്ള വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കി, വാഹനം പൊളിച്ചുകളയാൻ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. കെ.ആർ. സുരേഷ് മലപ്പുറം ആർ.ടി.ഒ.യ്ക്ക് ശുപാർശനൽകി. ആർ.സി. പ്രകാരം മഹീന്ദ്രയുടെ 2002 മോഡൽ ജീപ്പായിരുന്നു ഇത്. കരസേനയ്ക്കുവേണ്ടി ഓടിയിരുന്ന വാഹനം 2017-ൽ ലേലംചെയ്യുകയായിരുന്നു.
2017-ൽ വാഹനം പഞ്ചാബിൽ രജിസ്റ്റർചെയ്തിട്ടുണ്ട്. 2018-ൽ മലപ്പുറത്ത് റീ രജിസ്റ്റർ ചെയ്തു. മലപ്പുറം മൊറയൂർ സ്വദേശി സുലൈമാന്റെ പേരിലാണ് വാഹനം റീ രജിസ്റ്റർ ചെയ്തത്. ആകാശ് തില്ലങ്കേരിയോടൊപ്പം മുൻസീറ്റിലിരുന്ന് സഞ്ചരിച്ച പനമരം മാത്തൂർ സ്വദേശി പുളിക്കലകത്ത് ഷൈജൽ (28) വ്യാഴാഴ്ച പുലർച്ചെ പോലീസ് സ്റ്റേഷനിൽ വാഹനം ഹാജരാക്കുകയായിരുന്നു.
കസ്റ്റഡിയിലെടുത്ത വാഹനം പോലീസ് മോട്ടോർവാഹനവകുപ്പിന് കൈമാറി. സംഭവസമയത്ത് ഉപയോഗിച്ച ടയർ ഊരിമാറ്റിയശേഷമാണ് വാഹനം ഹാജരാക്കിയത്. വാഹനം രൂപമാറ്റം വരുത്താനായി ഉപയോഗിച്ച നാല് ടയറും കൂളിവയലിലെ ഷൈജലിന്റെ ബന്ധുവീട്ടിൽനിന്ന് കണ്ടെടുത്തു.
മോട്ടോർവാഹനവകുപ്പിന്റെ നിർദേശപ്രകാരമാണ് പനമരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി. സിജിത്തിന്റെ നേതൃത്വത്തിൽ വാഹനം കസ്റ്റഡിയിലെടുത്തത്. അതേസമയം, ജീപ്പിന്റെ പിൻസീറ്റിലിരുന്നു യാത്രചെയ്തയാളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടില്ല.