സംസ്ഥാനത്ത് എഐ ക്യാമറകൾ ഉടൻ മിഴി പൂട്ടുമെന്ന സൂചന നൽകി ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാർ. പൊലീസും എംവിഡിയും വാഹന പരിശോധനകളും അവസാനിപ്പിച്ചേക്കുമെന്നാണ് ഗണേഷ്‌കുമാർ പറയുന്നത്. പരിശോധനകൾ ജനങ്ങൾക്ക് കൈമാറാനാണ് ഗതാഗത വകുപ്പിന്റെ പുതിയ പദ്ധതി.
നിയമലംഘനങ്ങൾ കണ്ടെത്തി ചിത്രീകരിച്ച് മോട്ടോർ വാഹന വകുപ്പിന് അയയ്ക്കാൻ സാധിക്കുന്ന തരത്തിൽ പുതിയൊരു ആപ്പ് ഉടൻ പുറത്തിറക്കുമെന്നും ഗണേഷ്‌കുമാർ പറഞ്ഞു. പുതിയ പദ്ധതി ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ട്രാഫിക് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ജനങ്ങൾക്ക് തന്നെ അത് റിപ്പോർട്ട് ചെയ്യാൻ സാധിക്കുന്ന പുതിയ സംവിധാനം ഏതാനും ആഴ്ചകൾക്കുള്ളിൽ നിലവിൽ വരുമെന്നും മന്ത്രി പറഞ്ഞു. നിയമലംഘനങ്ങൾ ഫോണിൽ പകർത്തി മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കുന്ന ആപ്പിലൂടെ അയച്ചുനൽകാം. ഉദ്യോഗസ്ഥർ ഇത് പരിശോധിച്ച് നടപടിയെടുക്കുമെന്നും ഗണേഷ്‌കുമാർ അറിയിച്ചു.
നോ പാർക്കിംഗ് ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ ആപ്പിൽ അപ്ലോഡ് ചെയ്താൽ പിഴ നോട്ടീസായി ആർസി ഓണറുടെ വീട്ടിലെത്തും. നിയമലംഘനങ്ങൾ കണ്ടാൽ അത് ഉദ്യോഗസ്ഥരെ അറിയിക്കുമെന്ന് നിങ്ങൾ സ്വയം തീരുമാനിക്കുക.