മോട്ടോര്‍വാഹനവകുപ്പിലെ രേഖകള്‍ മലയാളത്തില്‍ മാത്രം മതിയെന്ന് ഉദ്യോഗസ്ഥര്‍ക്ക് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ കര്‍ശന നിര്‍ദേശം. പൊതുജനങ്ങള്‍ക്ക് നല്‍കുന്ന രേഖകളിൽ ഭരണഭാഷ മലയാളമാക്കണമെന്ന സര്‍ക്കാര്‍ചട്ടം പാലിക്കുന്നില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് എല്ലാ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും എന്‍ഫോഴ്‌സ്മെന്റ് വിഭാഗത്തിനും നിര്‍ദേശം നല്‍കിയത്.
നിലവിൽ രേഖകളെല്ലാം ഇംഗ്ലീഷിലാണെന്നും പൊതുജനങ്ങള്‍ക്ക് നല്‍കുന്ന രേഖകള്‍ നിര്‍ബന്ധമായും മലയാളത്തിലാകണമെന്നുമാണ് പുതിയ ഉത്തരവ്. അപേക്ഷകന് ലഭിക്കുന്ന മറുപടിക്കത്തുകള്‍പോലും ഇംഗ്ലീഷിലാണെന്ന് ആരോപിച്ച് പാലക്കാട് സ്വദേശി സര്‍ക്കാരിനെ സമീപിചത്തിന് പിന്നാലെയാണ് കമ്മീഷണറുടെ നടപടി. ഏപ്രില്‍ ആദ്യവാരം നിയമസഭാ സെക്രട്ടറിക്കും മോട്ടോര്‍വാഹന വകുപ്പിനും ഇയാള്‍ നല്‍കിയ പരാതിനൽകിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തില്‍ വകുപ്പ് പരിശോധന നടത്തിയിരുന്നു.
ഔദ്യോഗികഭാഷ മലയാളമാക്കണമെന്നും സര്‍ക്കാര്‍ ഉത്തരവുകളും നിര്‍ദേശങ്ങളും അടക്കം മലയാളത്തിലാക്കണമെന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. പൊതുജനങ്ങള്‍ക്ക് നല്‍കുന്ന രേഖകള്‍ നിര്‍ബന്ധമായും മലയാളത്തിലാക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.