തിരുവനന്തപുരം: ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സമരം തുടരുന്നതിനിടെ പരിഷ്കരിച്ച് ഡ്രൈവിംഗ് ടെസ്റ്റുമായി മുന്നോട്ടുപോകാൻ മോട്ടോർ വാഹന വകുപ്പ്.ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകർ സ്വന്തം വാഹനവുമായി എത്താനാണ് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ നിർദ്ദേശം.ടെസ്റ്റ് നടത്താൻ പകരം ഗ്രൗണ്ടുകൾ കണ്ടെത്താനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം.സമരം ശക്തമായ സാഹചര്യത്തിൽ പൊലീസ് സംരക്ഷണത്തിലാകും ടെസ്റ്റ് നടക്കുക.
ടെസ്റ്റിനായി കെഎസ്ആർടിസിയുടെ സ്ഥലങ്ങൾ ഉപയോഗിക്കാനും തീരുമാനമായിട്ടുണ്ട്.പരിഷ്‌കരിച്ച സർക്കുലർ പ്രകാരം പരമാവധി 40 പേരെ മാത്രം പങ്കെടുപ്പിച്ച് ഡ്രൈവിംഗ് ടെസ്റ്റ് നടത്താനാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ആദ്യം റോഡ് ടെസ്റ്റ്, പിന്നീട് ഗ്രൗണ്ട് ടെസ്റ്റ് എന്ന രീതി തുടരണമെന്നും പുതിയ ട്രാക്ക് തയ്യാറാവുന്നത് വരെ എച്ച് ട്രാക്കിൽ ടെസ്റ്റ് നടത്തി ലൈസൻസ് അനുവദിക്കാനാണ് തീരുമാനം.
നിലവിൽ ടെസ്റ്റ് നടക്കുന്ന 86-ൽ 77 ഗ്രൗണ്ടുകളും ഡ്രൈവിംഗ് സ്കൂൾ യൂണിയനുകൾ വാടകയ്‌ക്ക് എടുത്തവയാണ്. ഈ ഗ്രൗണ്ടുകൾ അടച്ചിട്ടാണ് യൂണിയനുകൾ പ്രതിഷേധിക്കുന്നത്. ഇതിന് പിന്നാലെയാണ് ടെസ്റ്റ് കേന്ദ്രങ്ങളായി പുതിയ ഇടങ്ങൾ കണ്ടെത്താൻ നിർദ്ദേശം. കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള 24 സ്ഥലങ്ങൾ കണ്ടെത്തിയതായാണ് സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൽ പറയുന്നത്.
അതെസമയം സമരവുമായി മുന്നോട്ട് പോകുമെന്നാണ് സംയുക്ത സമരസമിതിയുടെ തീരുമാനം. തിങ്കളാഴ്ച സെക്രട്ടറിയേറ്റ് മാർച്ചും ധർണയും നടത്തുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. കേരളത്തിലെ എല്ലാ ഡ്രൈവിംഗ് സ്കൂൾ ഉടമകളും പങ്കെടുക്കാൻ ആഹ്വനം ചെയ്തിട്ടുണ്ട്. ഗതാഗത വകുപ്പ് സർക്കുലർ പിൻവലിക്കണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സെക്രട്ടറിയേറ്റ് മാർച്ച്. കോടതി വിധി വന്ന ശേഷം സമര പരിപാടികൾ ആലോചിക്കുമെന്നും വേണ്ടിവന്നാൽ നിരാഹര സമരത്തിലേക്കും കടക്കുമെന്നും സമിതി അറിയിച്ചിട്ടുണ്ട്.