ആലപ്പുഴ: ബിജെപിയെ ഭയന്ന് സ്വന്തം കൊടി പോലും ഉപയോഗിക്കാനാവാത്ത കോൺഗ്രസിന് ഫാസിസത്തെ നേരിടാൻ എങ്ങനെ സാധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എഎം ആരിഫ് ജയിക്കുന്നത്തോടെ ആലപ്പുഴക്കാർക്ക് രണ്ട് എംപിമാരെ കിട്ടും, ഒന്ന് ലോക്സഭയിലും ഒന്ന് രാജ്യസഭയിലും. ബിജെപിയിലേക്ക് കോൺഗ്രസിൽ നിന്നുള്ള കുത്തൊഴുക്കു തടയാൻ രാഹുൽ ഗാന്ധിക്ക് കഴിയുന്നില്ല. കേരളത്തിൽ പോലും ഉന്നത നേതാക്കളുടെ മക്കൾ ബിജെപിയിലേക്ക് പോകുന്ന കാഴ്ചയാണ്. കേരളത്തിൽ വന്നിട്ട് രാഹുൽ ഗാന്ധി പൗരത്വ നിയമത്തെ കുറിച്ച് ഒരു വാക്ക് പോലും മിണ്ടിയിട്ടില്ല. ഇലക്ടറൽ ബോണ്ട് വഴിയുള്ള കൊള്ളയടിക്കലിൽ പങ്കാളിയാണ് കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താഴേത്തട്ടിലെ ഒരു ആർഎസ്എസുകാരന്റെ നിലവാരം മാത്രമാണെന്നും അദ്ദേഹം ആലപ്പുഴയിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് എംവി ഗോവിന്ദൻ ആലപ്പുഴയിൽ എത്തിയത്. നിലവിൽ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമായ കെസി വേണുഗോപാലാണ് മണ്ഡലത്തിൽ ഇടതുമുന്നണിയുടെ സിറ്റിങ് എംപി എഎം ആരിഫിനെതിരെ മത്സരിക്കുന്നത്. കെസി വേണുഗോപാൽ ജയിച്ചാൽ രാജ്യസഭാംഗത്വം രാജിവെക്കേണ്ടി വരും. അങ്ങനെ വന്നാൽ നിലവിൽ ബിജെപിക്ക് ഭൂരിപക്ഷമുള്ള രാജസ്ഥാനിൽ കോൺഗ്രസിന് എംപിയെ രാജ്യസഭയിലേക്ക് എത്തിക്കാൻ സാധിക്കില്ലെന്നതാണ് മണ്ഡലത്തിൽ ഇടതുമുന്നണി ഉന്നയിക്കുന്ന പ്രധാന വിമര്‍ശനം.