കൊച്ചി: അഴിമതി കേസില്‍ മുവാറ്റുപുഴ മുൻ ആർഡിഒ വി.ആർ.മോഹനൻ പിള്ളയ്ക്ക്തടവുശിക്ഷ. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് അഴിമതി നിരോധന വകുപ്പു പ്രകാരം മോഹനൻ പിള്ളയെ ശിക്ഷിച്ചത്. 7 വർഷം കഠിന തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് പ്രതിയെ മുവാറ്റുപുഴ സബ് ജയിലിൽ റിമാൻഡ് ചെയ്തു.
2016ൽ മൂവാറ്റുപുഴ വാഴക്കുളത്ത് ഇടിഞ്ഞുപോയ സംരക്ഷണ ഭിത്തി നിർമാണവുമായി ബന്ധപ്പെട്ട് 50,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് വിജിലൻസ് കോടതി ജഡ്ജി എൻ.വി.രാജു മുൻ ആർഡിഒയെ ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി.എ.സരിത ഹാജരായി.
പാടത്തോടു ചേർന്നുള്ള വീട്ടുവളപ്പിലെ ഇടിഞ്ഞുവീണ സംരക്ഷണ ഭിത്തി നന്നാക്കുന്നതിന് വീട്ടുടമ സർക്കാർ സഹായത്തിന് അപേക്ഷിച്ചിരുന്നു. എന്നാൽ നിർമാണം നിർത്തി വയ്ക്കാനായിരുന്നു മോഹനൻ പിള്ളയുടെ നിർദേശം. എല്ലാ രേഖകളും ഉണ്ടായിട്ടും 50,000 രൂപ ആർഡിഒ കൈക്കൂലി ആവശ്യപ്പെട്ടതോടെ വീട്ടുടമ വിജിലൻസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടുടമ തുക കൈമാറിയതിനു പിന്നാലെ വിജിലൻസ് ഒരുക്കിയ കെണിയിൽ മോഹനൻ പിള്ള കുടുങ്ങുകയായിരുന്നു.