മുന്‍ഗണനാ റേഷന്‍ കാര്‍ഡുകാര്‍ക്കുള്ള മസ്റ്ററിംഗ് 25 വരെ: മന്ത്രി

ധാരാളം ആളുകള്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുള്ളതിനാല്‍ സമയപരിധി ദീര്‍ഘിപ്പിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇ.കെ.വിജയന്‍ എം.എല്‍.എ നല്‍കിയ ശ്രദ്ധക്ഷണിക്കല്‍ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.

author-image
Prana
New Update
gr anil

സംസ്ഥാനത്തെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിംഗ് നടപടികള്‍ ഒക്ടോബര്‍ 25 വരെ ദീര്‍ഘിപ്പിച്ച് നല്‍കുന്നതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി  ജി.ആര്‍.അനില്‍ നിയമസഭയില്‍ അറിയിച്ചു. മുന്‍ഗണനാകാര്‍ഡുകളായ മഞ്ഞ, പിങ്ക് കാര്‍ഡംഗങ്ങള്‍ക്ക് മസ്റ്ററിംഗ് നടത്താനായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തില്‍ ധാരാളം ആളുകള്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുള്ളതിനാല്‍ സമയപരിധി ദീര്‍ഘിപ്പിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇ.കെ.വിജയന്‍ എം.എല്‍.എ നല്‍കിയ ശ്രദ്ധക്ഷണിക്കല്‍ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ഇശ്രം പോര്‍ട്ടല്‍ പ്രകാരമുള്ളവര്‍ക്ക് റേഷന്‍കാര്‍ഡ് അനുവദിച്ച് ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ കേസിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര നിര്‍ദ്ദേശാനുസരണമാണ് സംസ്ഥാനത്തെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) ഗുണഭോക്താക്കളുടെ ഇ-കെ.വൈ.സി മസ്റ്ററിങ് ആരംഭിച്ചത്. ഒക്ടോബര്‍ 8ാം തീയതി വരെ 79.79% മുന്‍ഗണനാ ഗുണഭോക്താക്കളുടെ അപ്‌ഡേഷന്‍ മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. മുന്‍ഗണാകാര്‍ഡിലെ 20 ശതമാനത്തോളം അംഗങ്ങള്‍ക്ക് വിവിധ കാരണങ്ങളാല്‍ മസ്റ്ററിങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല. മുന്‍ഗണനാകാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ പേര്‍ക്കും മസ്റ്ററിങ്ങില്‍ പങ്കെടുക്കുവാനുള്ള അവസരം ഒരുക്കുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മുന്‍ഗണനാവിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ അംഗങ്ങള്‍ക്കും വിജയകരമായി മസ്റ്ററിംഗ് പൂര്‍ത്തിയാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മസ്റ്ററിങ്ങിനായി റേഷന്‍ കടകളിലെത്താന്‍ കഴിയാത്ത കിടപ്പ് രോഗികള്‍, ഇപോസില്‍ വിരലടയാളം പതിയാത്തവര്‍, പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ എന്നിവരെ മസ്റ്ററിങ്ങിനായി മസ്റ്ററിങ്ങിന്റെ ആദ്യഘട്ടത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. റേഷന്‍ വ്യാപാരികളുടെ സഹായത്തോടെ വീടുകളില്‍ നേരിട്ടെത്തി ഐറിസ് സ്‌കാനര്‍ ഉപയോഗിച്ച് അപ്‌ഡേഷന്‍ നടത്തുന്നതിനാവശ്യമായ നിര്‍ദ്ദേശം പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ക്ക് നല്‍കിയിട്ടുണ്ട്.
ആധാര്‍ നമ്പര്‍ പരസ്പരം മാറിപ്പോയതും എന്നാല്‍ എ.ഇ പിഡിഎസില്‍ അപ്രൂവ് ചെയ്തതുമായ കേസുകള്‍ പരിഹരിക്കുവാനാവശ്യമായ നടപടികളും സ്വീകരിച്ചു വരുന്നു. പഠനാവശ്യം മറ്റ് സംസ്ഥാനങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അതാത് സംസ്ഥാനങ്ങളിലെ പൊതുവിതരണ കേന്ദ്രങ്ങളില്‍ മസ്റ്ററിങ് നടത്താന്‍ കഴിയുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ഇതിന് കഴിയാത്തവര്‍ക്ക് നിശ്ചിത സമയപരിധിക്കുള്ളില്‍ നാട്ടിലെത്തി മസ്റ്ററിങ് പൂര്‍ത്തിയാക്കാവുന്നതാണ്. ഇതിനായി പരമാവധി സമയം അനുവദിക്കും.
തൊഴില്‍ ആവശ്യാര്‍ത്ഥം വിദേശത്ത് താമസിക്കുന്നവര്‍ക്ക് എന്‍ആര്‍കെ സ്റ്റാറ്റസ് നല്‍കി കാര്‍ഡില്‍ നിലനിര്‍ത്താനാണ് ഉദ്ദേശിക്കുന്നത്. അവര്‍ക്ക് അടിയന്തിരമായി മസ്റ്ററിങ് ചെയ്യാനായി സംസ്ഥാനത്ത് എത്തേണ്ടതില്ല. മുന്‍ഗണനാപട്ടികയിലുള്ള മുഴുവന്‍ അംഗങ്ങളുടെയും മസ്റ്ററിംഗ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് രണ്ടുമാസത്തെ സമയം ദീര്‍ഘിപ്പിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കും. മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളുടെ ഇ. കെവൈസി മസ്റ്ററിംഗ് പൂര്‍ത്തിയാകുമ്പോള്‍ ഉണ്ടാകുന്ന ഒഴിവിലേയ്ക്ക് അര്‍ഹരായവരെ പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു.

minister gr anil ration card mastering