മലപ്പുറം: മുസ്‌ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി കെ ടി ജലീൽ . മലപ്പുറത്തുകാരനായ തന്നെ കൊത്തിവലിക്കാൻ മുസ്‌ലിം ലീഗ് എറിഞ്ഞുകൊടുക്കുകയായിരുന്നുവെന്ന് കെ ടി ജലീൽ പറഞ്ഞു. ലീഗുകാർ തന്റെ പിന്നാലെ വേട്ടപ്പട്ടിയെ പോലെ ഓടുകയായിരുന്നു. കള്ളപ്രചാരണങ്ങൾ മുസ്‌ലിം ലീഗ് തനിക്കെതിരെ ഉപയോഗിച്ചുവെന്നും കെ ടി ജലീൽ പറഞ്ഞു.
മലപ്പുറം ജില്ലയെയോ ജനതയെയോ മോശക്കാരായി ചിത്രീകരിച്ചിട്ടില്ല. മുസ്‌ലിങ്ങൾ മുഴുവൻ സ്വർണക്കള്ളടത്തുകാരെന്ന് പറഞ്ഞിട്ടില്ല. പറഞ്ഞ കാര്യങ്ങൾ വളച്ചൊടിക്കുകയാണ് ചെയ്തത്. ലീഗ് അധ്യക്ഷൻ എന്ന നിലയിലായിരുന്നില്ല പാണക്കാട് തങ്ങളോട് മതവിധി പുറപ്പെടുവിക്കാൻ ആവശ്യപ്പെട്ടത്. തന്റെ കൂടി ഖാസി എന്ന നിലയിലായിരുന്നു അക്കാര്യം ആവശ്യപ്പെട്ടത്. ഇതിനെയാണ് മലപ്പുറം വിരുദ്ധതയായി പ്രചരിപ്പിതെന്നും കെ ടി ജലീൽ പറഞ്ഞു. ലീഗുമായി അടുത്ത ബന്ധമുള്ള ഒരു മതപണ്ഡിതൻ പുസ്തകത്തിന്റെ പുറംചട്ടയിൽ സ്വർണം ഒളിപ്പിച്ചു കടത്തി. അതിന്റെ പേരിൽ അദ്ദേഹം ദിവസങ്ങളോളം ജയിലിൽ കിടന്നു. എന്നിട്ടും ആ പണ്ഡിതനെ ലീഗ് തള്ളിപ്പറഞ്ഞില്ലെന്നും കെ ടി ജലീൽ പറഞ്ഞു.
തിന്മയെ നിരുത്സാഹപ്പെടുത്തണം. അതിന് മത നേതാക്കൾ ഇടപെടണം. ഒരു തെറ്റും ചെയ്യാത്ത തന്നെ വേട്ടപ്പട്ടിയെ പോലെ പിന്തുടർന്നു. അത് മറക്കാൻ ലീഗ് നേതൃത്വത്തിനാകുമോയെന്നും കെ ടി ജലീൽ ചോദിച്ചു. അന്ന് ഇല്ലാത്ത മലപ്പുറം സ്‌നേഹം ഇപ്പോൾ എങ്ങനെ വന്നുവെന്നും ജലീൽ തുറന്നടിച്ചു. കരിപ്പൂർ വിമാനത്താവളം വഴി കടത്തുന്ന സ്വർണത്തിന്റെ പങ്ക് എവിയേക്ക് പോകുന്നു എന്ന് കണ്ടെത്തണം. പൊലീസ് കൂട്ട് നിൽക്കുന്നുവെങ്കിൽ അതിലും നടപടി വേണമെന്നും ജലീൽ ആവശ്യപ്പെട്ടു.