''റോഡിനു കുറുകെ കയർ കെട്ടുന്ന രീതി കേരള പോലീസിൻ്റ പ്രോട്ടോക്കോളിൽ ഉണ്ടോ, അതോ അത്യാവശ്യത്തിനുള്ള മനോധർമ്മം ആടിയതോ?'': മുരളി തുമ്മാരുക്കുടി

author-image
Greeshma Rakesh
Updated On
New Update
muralee-thummarukudy

muralee thummarukudy reacts youth dies after getting entangled in security rope tied on road for pms visit

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി:  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയുടെ ഭാഗമായി റോഡിന് കുറുകെ കെട്ടിയിരുന്ന  വടത്തിൽ തട്ടി വീണ് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുക്കുടി.

വാർത്ത ഏറെ സങ്കടകരമാണെന്നും സ്ഥിരമായി ആളുകൾ ഉപയോഗിക്കുന്ന റോഡിലെ ട്രാഫിക് നിയന്ത്രിക്കണമെങ്കിൽ നിയന്ത്രണത്തിന് സംവിധാനങ്ങൾ വക്കുന്നതിന് ഏറെ മുൻപ് തന്നെ അത് സംബന്ധിച്ച ബോർഡുകൾ വച്ചു തുടങ്ങണമെന്നും അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു.

റോഡിനു കുറുകെ ഒരു കയർ കെട്ടുന്ന രീതി ഒരിടത്തും കണ്ടിട്ടില്ലെന്നും അത് കേരള പോലീസിൻ്റ പ്രോട്ടോക്കോളിൽ ഉണ്ടോ, അതോ അത്യാവശ്യത്തിനുള്ള മനോധർമ്മം ആടിയതാണോ എന്നും അദ്ദേഹം ചോദിച്ചു.

മുരളി തുമ്മാരുക്കുടിയുടെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

വടം കെട്ടുന്ന പ്രോട്ടോക്കോൾ

പ്രധാനമന്ത്രിയുടെ സന്ദർശനത്തിൻ്റെ ഭാഗമായ ട്രാഫിക് നിയന്ത്രണങ്ങൾക്ക് വേണ്ടി റോഡിന് കുറുകെ കെട്ടിയിരുന്ന  വടത്തിൽ തട്ടി വീണ് ഒരു സ്കൂട്ടർ യാത്രക്കാരൻ മരിച്ചു എന്ന വാർത്ത ഏറെ സങ്കടകരമാണ്.
സ്ഥിരമായി ആളുകൾ ഉപയോഗിക്കുന്ന റോഡിലെ ട്രാഫിക് നിയന്ത്രിക്കണമെങ്കിൽ നിയന്ത്രണത്തിന് സംവിധാനങ്ങൾ വക്കുന്നതിന് ഏറെ മുൻപ് തന്നെ അത് സംബന്ധിച്ച ബോർഡുകൾ വച്ചു തുടങ്ങണം. ബോർഡുകൾ വ്യക്തവും വെളിച്ചത്തിലും ആയിരിക്കണം.രാത്രിയിലും ഉപയോഗിക്കേണ്ട നിയന്ത്രണം ആണെങ്കിൽ റിഫ്ലക്ടീവ് ആയിരിക്കണം നിയന്ത്രണത്തിന് ഉപയോഗിക്കുന്ന സംവിധാനവും ബോർഡുകളും.

 പ്ലാസ്റ്റിക് കയറിനും അഞ്ചു മീറ്റർ മുൻപ് പോലീസുകാർ ഉണ്ടായിരുന്നു എന്നും വായിച്ചു. വാഹനത്തിൽ പോകുന്ന ഒരാൾക്ക് മുൻപിലെ പ്രതിബന്ധങ്ങൾ കണ്ടു സുരക്ഷിതമായി ബ്രേക്ക് ചെയ്യണമെങ്കിൽ രണ്ടു സെക്കൻഡ് വേണമെന്നാണ് കണക്ക്. മണിക്കൂറിൽ അറുപത് കിലോമീറ്റർ വേഗതയിൽ പോകുന്ന ഒരാൾക്ക് മുപ്പത്തി മൂന്നു മീറ്റർ എങ്കിലും മുന്നിൽ മുന്നറിയിപ്പ് കിട്ടണം. 
റോഡിനു കുറുകെ ഒരു കയർ കെട്ടുന്ന രീതി ഒരിടത്തും കണ്ടിട്ടില്ല. അത് കേരള പോലീസിൻ്റ പ്രോട്ടോക്കോളിൽ ഉണ്ടോ, അതോ അത്യാവശ്യത്തിനുള്ള മനോധർമ്മം ആടിയതാണോ?

രണ്ടാണെങ്കിലും ഇത്തരം കാര്യങ്ങളിൽ ആധുനികവും ശാസ്ത്രീയവും ആയ രീതികൾ കൊണ്ടുവരാൻ സമയമായി. നിർഭാഗ്യകരമായ ഈ സംഭവം മാറ്റത്തിന് വേണ്ടി ഉപയോഗിച്ചാൽ ഇനി ഇത്തരത്തിലുള്ള മരണങ്ങൾ ഒഴിവാക്കാം.
മരിച്ചയാളുടെ കുടുംബത്തിൻറെ ദുഖത്തിൽ പങ്കുചേരുന്നു.


മുരളി തുമ്മാരുകുടി

muralee thummarukudy ernakulam narendra modi youth death