മേപ്പാടി: പ്രിയപ്പെട്ടവർക്കായി മേപ്പാടി ഹെൽത്ത് സെന്ററിലേക്കു ജനങ്ങൾ വന്നു ചേരുന്നു . ദുരന്ത വാർത്ത പുറത്തുവന്നതോടെ കാണാതായ ബന്ധുക്കൾ ക്യാംപുകളിലോ മറ്റോ ഉണ്ടാകുമെന്ന ആശ്വാസത്തിലായിരുന്നു പലരും. എന്നാൽ ഉച്ചകഴിഞ്ഞതോടെ ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലായി. ഇതോടെ പ്രതീക്ഷ മങ്ങി മൃതദേഹങ്ങളിൽ പ്രിയപ്പെട്ടവരുണ്ടോ എന്നു തിരഞ്ഞ് മേപ്പാടി ഹെൽത്ത് സെന്ററിലേക്ക് ജനപ്രവാഹ കാഴ്ചയാണ് കാണാൻ കഴിയുന്നത്.
ചൂരൽമലയിൽനിന്നും മുണ്ടക്കൈയിൽനിന്നും കണ്ടെത്തിയ മൃതദേഹങ്ങൾ മേപ്പാടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്കാണ് എത്തിക്കുന്നത്. മൃതദേഹങ്ങളുടെ എണ്ണം വർധിച്ചതോടെ ഇൻക്വസ്റ്റ് നടപടികൾ വേഗത്തിലാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികൾ വേഗത്തിലാക്കാനും നിർദേശം നൽകിയതായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. ചൂരൽമലയിൽനിന്നെത്തിച്ച മൃതദേഹങ്ങളിൽ ഭൂരിഭാഗവും തിരിച്ചറിഞ്ഞു കഴിഞ്ഞതായാണു വിവരം.