മുനമ്പം: ബിഷപ്പിനെ സന്ദര്‍ശിച്ച് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും

മുനമ്പത്തെ വഖഫ് ഭൂമി തര്‍ക്കത്തില്‍ സമവായശ്രമവുമായി മുസ്ലിം ലീഗ് നേതാക്കള്‍ വരാപ്പുഴ അതിരൂപത ആസ്ഥാനത്തെത്തി അതിരൂപതാധ്യക്ഷനുമായി ചര്‍ച്ച നടത്തി.

author-image
Prana
New Update
thangal kunjalikutty

മുനമ്പത്തെ വഖഫ് ഭൂമി തര്‍ക്കത്തില്‍ സമവായശ്രമവുമായി മുസ്ലിം ലീഗ് നേതാക്കള്‍ വരാപ്പുഴ അതിരൂപത ആസ്ഥാനത്തെത്തി അതിരൂപതാധ്യക്ഷനുമായി ചര്‍ച്ച നടത്തി. ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളും ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംഎല്‍എയും ഉള്‍പ്പെടെയുള്ളവരാണ് ബിഷപ് മാര്‍ ജോസഫ് കളത്തിപ്പറമ്പിലുമായി ചര്‍ച്ച നടത്തിയത്. അതിരൂപതയിലെ മറ്റ് ബിഷപ്പുമാരും മുനമ്പം സമരസമിതി അംഗങ്ങളും ചര്‍ച്ചയ്‌ക്കെത്തി.
പാലക്കാട് ഉപതിരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ശേഷിക്കെയാണ് ലീഗിന്റെ പുതിയ നീക്കം. മുനമ്പം ഭൂമി വിഷയത്തില്‍ സര്‍ക്കാര്‍ പരിഹാരം കാണാന്‍ മുന്നോട്ടുവന്നില്ലെങ്കില്‍ മുസ്ലിം ലീഗ് അത്തരം ചര്‍ച്ചകളിലേക്കു കടക്കുമെന്ന് പാര്‍ട്ടി നേതാക്കള്‍ നേരത്തേ പറഞ്ഞിരുന്നു. 
വരാപ്പുഴ അതിരൂപതയുടെ കീഴിലാണ് മുനമ്പം പ്രദേശം. മുനമ്പത്തെ പള്ളിയങ്കണത്തിലാണ് സമരപ്പന്തലും.
അതേസമയം, പാലക്കാട് ഉപതിരഞ്ഞെടുപ്പിനു ശേഷം 22നാണ് സംസ്ഥാന സര്‍ക്കാര്‍ മുനമ്പം വിഷയം ചര്‍ച്ചചെയ്യുന്നതിനുള്ള ഉന്നതതല യോഗം വിളിച്ചിരിക്കുന്നത്. വിഷയത്തിലെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും സര്‍ക്കാര്‍ പ്രായോഗിക പരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പി.രാജീവ് ഇന്ന് കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
സൗഹൃദ അന്തരീക്ഷത്തിലുള്ള ചര്‍ച്ചയാണ് നടന്നതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാനുഷിക പ്രശ്‌നമാണ്. മതമൈത്രി സംരക്ഷിച്ച് മുന്നോട്ട് പോകണം. മുനമ്പം പ്രശ്‌നം വളരെ വേഗം പരിഹരിക്കാന്‍ കഴിയും. ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. അതിനാലാണ്, സര്‍ക്കാര്‍ യോഗം വിളിക്കണമെന്ന് ആവശ്യപ്പെടുന്നത്. രമ്യമായി വിഷയം പരിഹരിക്കാന്‍ ഫാറൂഖ് കോളേജും ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഈ കാര്യങ്ങള്‍ സര്‍ക്കാരുമായി സംസാരിക്കും. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമൊക്കെ ഇക്കാര്യത്തില്‍ യോജിപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.
മെത്രാന്‍ സമിതിയിലെ 16 മെത്രാന്മാരും ചര്‍ച്ചയില്‍ പങ്കെടുത്തതായി ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ അറിയിച്ചു. സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും മുനമ്പം പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. അതിനുവേണ്ടി സര്‍ക്കാരിന്റെയടുത്ത് കാര്യങ്ങള്‍ പറയാമെന്ന് ഇവര്‍ വ്യക്തമാക്കി. ഇക്കാര്യം പരിഹരിക്കാമെന്ന് ഇരുവര്‍ക്കും വിശ്വാസമുണ്ട്. ഇരുവരും വന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. മതമൈത്രിയാണ് ഇവിടെ നിലനിര്‍ത്തിപോകേണ്ടത്. 600ലധികം കുടുംബങ്ങള്‍ നേരിടുന്ന പ്രശ്‌നം പരിഹരിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

bishop panakkad sadiq ali shihab thangal pk kunjalikkutty Munambam land