മുനമ്പത്തെ വഖഫ് ബോര്‍ഡ് അധിനിവേശത്തിനെതിരെ പ്രതിഷേധം തീര്‍ത്ത് ബിജെപി. മുനമ്പത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കാന്‍ വന്നാല്‍ കായികമായി നേരിടാനും ഞങ്ങളുടെ ചെറുപ്പക്കാര്‍ തയ്യാറാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് ഒപ്പമാണ് ബിജെപി. അല്ലാതെ വിഡി സതീശന്‍ പറയുന്നതുപോലെ കുഞ്ഞാലിക്കുട്ടിയുമായി സംസാരിച്ച് എല്ലാം തീര്‍പ്പാക്കാം എന്ന് പറയുന്ന പരിപാടിയില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
മുനമ്പം അധിനിവേശത്തിനെതിരായി കൊച്ചി വഖഫ് ബോര്‍ഡ് ഓഫീസിലേക്ക് ബിജെപി ന്യൂനപക്ഷ മോര്‍ച്ച സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുനമ്പത്തെ കുടിയിറക്ക് ഭീഷണി ഉയര്‍ന്നുവന്നിട്ട് കുറച്ചു കാലങ്ങളായി. ന്യൂനപക്ഷ മോര്‍ച്ച നേരത്തെ തന്നെ ഈ വിഷയത്തില്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. തദ്ദേശവാസികളെ കൂടെ നിര്‍ത്തി അവരുടെ പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍ ഇപ്പോള്‍ ചില ആളുകള്‍ വന്നിരിക്കുകയാണ്.
കഴിഞ്ഞ ദിവസം മുനമ്പത്ത് വിഡി സതീശന്റെയും ഹൈബി ഈഡന്റെയും നേതൃത്വത്തില്‍ നടന്ന പരിപാടിയെക്കുറിച്ചായിരുന്നു കെ സുരേന്ദ്രന്റെ വാക്കുകള്‍. ഹൈബി ഈഡന്‍ എന്ത് നിലപാടാണ് വഖഫ് പരിഷ്‌കരണത്തില്‍ പാര്‍ലമെന്റില്‍ സ്വീകരിക്കുന്നതെന്ന് കെ സുരേന്ദ്രന്‍ ചോദിച്ചു.
കുഞ്ഞാലിക്കുട്ടിയുമായി സംസാരിച്ച് പ്രശ്‌നങ്ങള്‍ തീര്‍ക്കുമെന്നാണ് വിഡി സതീശന്‍ പറയുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി ഇത്രയും കാലം ഉണ്ടായിട്ട് എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ ശരിയായ നിലപാട് സ്വീകരിക്കാഞ്ഞതെന്ന് കെ സുരേന്ദ്രന്‍ ചോദിച്ചു. മുനമ്പത്തെ തീരദേശ വാസികളുടെ അവകാശമാണ് അവിടെ താമസിക്കുകയെന്നത്. അവര്‍ കാശ് കൊടുത്ത് വാങ്ങിയ ഭൂമിയാണ്. മൂന്ന് തലമുറകളായി അവിടെ താമസിക്കുന്നവരുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
പിണറായി മന്ത്രിസഭയിലെ 21 ാമത്തെ മന്ത്രിയാണ് വിഡി സതീശന്‍. പ്രതിപക്ഷ നേതാവായി കാണാണാനാകില്ല. പിണറായി വിജയനെ ഏത് ആപത് ഘട്ടത്തിലും സഹായിക്കാന്‍ അവതരിച്ചിട്ടുളള അവതാര പുരുഷനാണ്. ഇന്നലെ നിയമസഭയില്‍ കണ്ടില്ലേയെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു. എന്തെല്ലാം കാര്യങ്ങള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യാനുണ്ടായിരുന്നു. ഒറ്റ ബഹളത്തില്‍ നിയമസഭ അലങ്കോലമാക്കി. എന്നിട്ട് നിഴല്‍ യുദ്ധം നടത്തുവെന്ന് ജനങ്ങളെ കാണിക്കുകയാണ്. പിണറായിയും വിഡി സതീശനും തമ്മില്‍ ഒരു യുദ്ധവുമില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പറഞ്ഞു.