തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. 20 വര്‍ഷം പഴക്കമുള്ള നിലവിലെ അണക്കെട്ടിന്റെ സുരക്ഷയെ പറ്റിയുള്ള ആശങ്ക, ഡൗണ്‍ സ്ട്രീം ഏരിയയില്‍ പ്രളയ ദുരന്തസാധ്യത ലഘൂകരിക്കുക എന്നിവ പരിഗണിച്ചാണ് പുതിയ ഡാം നിര്‍മിക്കുന്നത്. ഡാമുകളെ സംബന്ധിച്ച് ഫീല്‍ഡ് സ്റ്റഡി സര്‍ക്കിള്‍, തൃശൂര്‍ പഠനം നടത്തിയിട്ടുണ്ട്. കാവേരി ട്രിബ്യുണല്‍ ഉത്തരവു പ്രകാരം പാമ്പാര്‍ സബ് ബേയ്‌സിനില്‍ മൂന്ന് സ്‌കീമുകളിലായി മൂന്നു ഡാമുകള്‍ക്കു വേണ്ടി പഠനം നടത്തിയിട്ടുണ്ട്.
പാമ്പാര്‍ നദീതടത്തില്‍ നിന്നും കേരളത്തിന് അനുവദിച്ച 3ടിഎംസി ജലം ഫലപ്രദമായി ഉപയോഗിക്കുന്നതിനായി പാമ്പാര്‍ സബ് ബേയ്‌സിനില്‍ ചെല്ലങ്കാര്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി കാന്തല്ലൂര്‍ പഞ്ചായത്തില്‍ പട്ടിശ്ശേരി ഡാം, തലയാര്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി ലോവര്‍ ചട്ട മൂന്നാര്‍ ഡാം, വട്ടവട സ്‌കീമില്‍ ഉള്‍പ്പെടുത്തി ഒറ്റമരം ഡാം എന്നീ മൂന്നു ഡാമുകള്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. കാവേരി നദീ ട്രിബ്യുണലിന്റെ ഉത്തരവു പ്രകാരം ഭവാനി ബേസിനില്‍ അനുവദിച്ച 6 ടിഎംസി ജലത്തില്‍ നിന്നും 2.87 ടിഎംസി ജലം ഉപയോഗിക്കുന്നതിനായി അട്ടപ്പാടി-ചിറ്റൂരില്‍ ശിരുവാണി പുഴയ്ക്കു കുറുകെ ഡാം നിര്‍മിക്കുന്നതിനുള്ള പഠനം നടത്തിയിട്ടുണ്ട്.
അതിന്റെ വിശദമായ പദ്ധതിരേഖ കേന്ദ്ര ജല കമ്മിഷന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. കൂടാതെ ചാലക്കുടി പുഴയുടെ പോഷക നദിയായ കാരപ്പാറ പുഴയില്‍ അണക്കെട്ട് നിര്‍മിച്ച് ഭാരതപ്പുഴ ബേസിനിലെ മഴനിഴല്‍ പ്രദേശങ്ങളായ കൊഴിഞ്ഞമ്പാറ, എരുത്തേന്‍പതി, വടകരപ്പതി എന്നീ പഞ്ചായത്തുകളില്‍ കുടിവെള്ളത്തിനും കാര്‍ഷിക ആവശ്യത്തിനുമായി ജലം ലഭ്യമാകുന്ന പദ്ധതി സസ്റ്റെയ്‌നബിള്‍ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ കുരിയാര്‍കുട്ടി കാരപ്പാറ ഇറിഗേഷന്‍ പ്രോജക്റ്റിനു വേണ്ടിയുള്ള വിശദമായ പദ്ധതി രേഖ തയാറാക്കി വരികയാണ്.
ചാലക്കുടി പുഴയിലെ വെള്ളപ്പൊക്ക നയിന്ത്രണത്തിനും ജലവൈദ്യുത ഉത്പാദനത്തിനും ഈ പ്രവൃത്തി ഉപകാരപ്പെടുന്നുണ്ട്. 2019ലെ പ്രളയത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നാശനഷ്ടം നേരിട്ട മലപ്പുറം ജില്ലയിലെ പോത്തുകല്ല് പഞ്ചായത്തിലെ അമ്പിട്ടാന്‍പൊട്ടിയില്‍ ഒരു പ്രളയനിയന്ത്രണ അണക്കെട്ടിന്റെ ഫീസിബിലിറ്റി സ്റ്റഡിക്കായി ദുരന്ത പ്രതിരോധ നിധി ഉപയോഗിച്ച് നടത്തുന്നതിനായി ഒരു പ്രൊപ്പോസല്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി അംഗീകരിച്ചത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പരിഗണനയിലാണെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.