കോഴിക്കോട്: ലൈംഗിക ആരോപണം നേരിടുന്ന മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് സിപിഐ നേതാവ് ആനി രാജ. മുകേഷ് ഭരണ കക്ഷിയിൽപ്പെട്ട എംഎൽഎ ആയതുകൊണ്ട് തന്നെ ലൈംഗിക ആരോപണം പോലുള്ള ഗുരുതര ആരോപണങ്ങൾ വന്നാൽ തൽസ്ഥാനത്ത് നിന്ന് മാറി അന്വേഷണം നേരിടണമെന്നും ആനി രാജ പറഞ്ഞു.
സിനിമാ മേഖലയിലെ ചൂഷണങ്ങൾക്കെതിരെ പരാതി നൽകിയ വനിതകൾക്കൊപ്പമാണ് സർക്കാരെന്ന് വെളിവാക്കുന്നതാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചത്. തുടക്കത്തിൽ പരാതി കൊടുത്താൽ പരിശോധിക്കാം എന്ന നിലപാട് മാറി പ്രത്യേക സംഘത്തെ നിയോഗിച്ചത് വിഷയം ഗൗരവത്തോടെ കാണുന്നതുകൊണ്ടാണ്. ചുമതല ഏറ്റെടുത്ത് ഉടൻ തന്നെ അന്വേഷണ സംഘം പ്രവർത്തനം ആരംഭിച്ചു.
മുകേഷിന് എതിരെയുള്ള ആരോപണങ്ങൾ ഇടത് പക്ഷത്തിനെതിരെയുള്ള ആക്രമണമെന്നത് ശരിയല്ല. ഇടതുപക്ഷമെന്നത് സ്ത്രീപക്ഷത്തിന് അനുകൂലമായ നിലപാടാണ്. ഇതിന് ആർജവമുള്ള സർക്കാരാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാരെന്നും ആനി രാജ പറഞ്ഞു.