'ജമാഅത്തെ ഇസ്‌ലാമി യുഡിഎഫിന്റെ സ്‌ലീപ്പിങ് പാർട്നർ’ : മുഹമ്മദ് റിയാസ്

ബിജെപിയുടെ ആളായി മുഖ്യമന്ത്രിയെ ചിത്രീകരിക്കാനാണു നീക്കം നടക്കുന്നത്. ബിജെപി വിരുദ്ധ മനസ്സുകളിൽ മുഖ്യമന്ത്രിക്കു വലിയ സ്ഥാനമുണ്ട്. യുഡിഎഫിന് എല്ലാ സൗകര്യങ്ങളും ചെയ്തുനൽകുന്നത് ജമാഅത്തെ ഇസ്‌ലാമിയാണെന്നും അദ്ദേഹം പറഞ്ഞു.

author-image
Vishnupriya
New Update
Mohammad Riyas

കോഴിക്കോട്∙ യുഡിഎഫിന്റെ സ്‌ലീപ്പിങ് പാർട്നറായാണു ജമാഅത്തെ ഇസ്‌ലാമി പ്രവർത്തിക്കുന്നതെന്ന ആരോപണവുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. യുഡിഎഫിന് എല്ലാ സൗകര്യങ്ങളും ചെയ്തുനൽകുന്നത് ജമാഅത്തെ ഇസ്‌ലാമിയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

‘‘ഇംഗ്ലിഷ് പത്രത്തിൽ പ്രസിദ്ധീകരിച്ചുവന്ന അഭിമുഖവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി തന്നെ വിശദീകരിക്കും എന്നാണു പ്രതീക്ഷിക്കുന്നത്. ഏതെങ്കിലും ഒരു പ്രദേശത്തെ മോശമാക്കാൻ ശ്രമിച്ചിട്ടില്ല. ഇതെല്ലാം രാഷ്ട്രീയ അജൻഡയുടെ ഭാഗമാണ്. കേരളത്തിൽ എട്ടു വർഷമായി പ്രതിപക്ഷത്തിരിക്കുന്ന യുഡിഎഫിനു വേണ്ടിയാണ് ഈ അജൻഡ. 

ബിജെപിയുടെ ആളായി മുഖ്യമന്ത്രിയെ ചിത്രീകരിക്കാനാണു നീക്കം നടക്കുന്നത്. ബിജെപി വിരുദ്ധ മനസ്സുകളിൽ മുഖ്യമന്ത്രിക്കു വലിയ സ്ഥാനമുണ്ട്. മുഖ്യമന്ത്രി ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുമെന്ന് കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളുടെ മനസ്സിലും പോസ്റ്റർ ഒട്ടിച്ചതുപോലെ പതിഞ്ഞതാണ്. അതിനെ പൊളിക്കാനാണു നീക്കം. ഇന്ത്യയിൽ ആർഎസ്എസ് തലയ്ക്ക് ഇനാം പ്രഖ്യാപിച്ച ഏക മുഖ്യമന്ത്രി പിണറായി വിജയനാണ്. അതിനെ പൊളിച്ചാൽ മാത്രമേ അധികാരത്തിലെത്താൻ സാധിക്കൂ. ഇനിയും അധികാരം ലഭിച്ചില്ലെങ്കിൽ യുഡിഎഫിനു മുന്നോട്ടു പോകാൻ സാധിക്കില്ല.

 യുഡിഎഫിന് എല്ലാ സൗകര്യവും ചെയ്തു കൊടുക്കുന്നത് വർഗീയത ശക്തിപ്പെടണമെന്ന് ആഗ്രഹിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയാണ്. യുഡിഎഫിന്റെ സ്‌ലീപ്പിങ് പാട്നറായാണ് ജമാഅത്തെ ഇസ്‌ലാമി പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രിയുടെയും ഇടതുപക്ഷത്തിന്റെയും വിശ്വാസ്യത തകർത്ത് അതിലൂടെ യുഡിഎഫിനെ അധികാരത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണു കുപ്രചാരണങ്ങൾ നടത്തുന്നത്. 

മലപ്പുറം ജില്ലയുടെ വികസനത്തിനുവേണ്ടി എൽഡിഎഫ് സർക്കാർ വലിയ ഇടപെടൽ നടത്തിയിട്ടുണ്ട്. 2016 മുതൽ പശ്ചാത്തല മേഖല പരിശോധിച്ചാൽ മാതൃകാപരമായ പല പദ്ധതികളും ചൂണ്ടിക്കാണിക്കാൻ സാധിക്കും’’ – അദ്ദേഹം പറഞ്ഞു.

udf muhammad riyas jamaat e islami