മുഖ്യമന്ത്രിക്കെതിരേ ഏതറ്റം വരെയും പോകുമെന്ന് മുഹമ്മദ് ഷിയാസ്

നവകേരള സദസ്സിലെ മുഖ്യമന്ത്രിയുടെ യാത്രയ്ക്കിടെ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും മര്‍ദിച്ചിരുന്നു

author-image
Prana
New Update
muhammed shiyas

നവകേരള സദസ്സില്‍ ജനാധിപത്യപരമായി പ്രതിഷേധിച്ചവര്‍ക്കെതിരേ കലാപാഹ്വാനം നടത്തിയ മുഖ്യമന്ത്രിക്കുള്ള മറുപടിയാണ് കോടതി ഉത്തരവെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. സംഭവത്തില്‍ നിയമനടപടിയുമായി ഏതറ്റം വരെ പോകുമെന്നും ഷിയാസ് പറഞ്ഞു. ഷിയാസിന്റെ ഹര്‍ജിയിലാണ് എറണാകുളം സി.ജെ.എം. കോടതി മുഖ്യമന്ത്രിക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
നവകേരള സദസ്സിലെ മുഖ്യമന്ത്രിയുടെ യാത്രയ്ക്കിടെ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും മര്‍ദിച്ചിരുന്നു. ആലപ്പുഴയിലും കോതമംഗലത്തും ഉള്‍പ്പെടെ നടന്ന മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നെങ്കിലും സംഭവത്തെ 'രക്ഷാപ്രവര്‍ത്തന'മെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.
പ്രതിഷേധക്കാര്‍ വാഹനത്തിനടിയില്‍ വീഴാതിരിക്കാനുള്ള അത്തരം പ്രവര്‍ത്തനം തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് എറണാകുളം ഡിസിസി പ്രസിഡന്റ് കോടതിയെ സമീപിച്ചത്.
'പരസ്യമായ കലാപാഹ്വാനമാണ് മുഖ്യമന്ത്രി നടത്തിയത്. ആക്രമത്തെ ന്യായീകരിക്കുക മാത്രമല്ല അത് തുടരണമെന്ന് കൂടിയാണ് പറഞ്ഞത്. അതിനെതിരേ ജനങ്ങള്‍ ആഗ്രഹിച്ച നടപടിയാണ് ഇപ്പോള്‍ കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്. ഈ സംഭവത്തില്‍ നിയമനടപടിയുമായി ഏതറ്റംവരെയും പോകും' ഷിയാസ് പറഞ്ഞു.
ഷിയാസിന്റെ ഹര്‍ജിയെ കുറിച്ച് അന്വേഷിക്കാന്‍ എറണാകുളം സെന്‍ട്രല്‍ പോലീസിനെയാണ് കോടതി ചുമതലപ്പെടുത്തിയിരിക്കുന്നത്. കേസ് ഡിസംബര്‍ ഏഴിന് വീണ്ടും പരിഗണിക്കും.

 

court case muhammad shiyas cheif minister pinarayi vijayan