കോഴിക്കോട്: മലയാളത്തിന്റെ പെരുന്തച്ചനായ എംടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് 91-ാം പിറന്നാള്‍. 1933 ജൂലൈ 15 നാണ് കൂടല്ലൂരില്‍ ടി നാരായണന്‍ നായരുടേയും അമ്മാളു അമ്മയുടേയും മകനായി എം ടി ജനിച്ചത്. ഈ പിറന്നാൾ ദിവസം എംടിയുടെ ഒൻപതു കഥകൾ ചേരുന്ന ആന്തോളജി സിനിമയുടെ ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടക്കും.
സാഹിത്യത്തിലോ, സാഹിത്യാസ്വാദനത്തിലോ എംടിയ്ക്ക് കുടുംബപാരമ്പര്യമില്ല. മലയാള സാഹിത്യത്തില്‍ ഉലച്ചിലുകളില്ലാത്ത ഒരു പായക്കപ്പലാണ് എംടിയെന്നു പറയാം. അക്ഷരങ്ങളുടെ സമുദ്രത്തില്‍ അതെത്ര കാതങ്ങള്‍ താണ്ടിയിരിക്കുന്നു. വൈകാരികതയുടെ എത്ര തിരയിളക്കങ്ങളെ അത് സമര്‍ത്ഥമായി തുഴഞ്ഞു നീങ്ങിയിരിക്കുന്നു. വള്ളുവനാടന്‍ മിത്തുകളെയും ശൈലികളെയും മലയാളത്തിലേക്ക് കോരിയെടുത്ത അതിവിദഗ്ധനായൊരു നാവികനാണ് എംടിയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
എഴുത്തിനോട് ചെറുപ്പം തൊട്ടേ കമ്പം തോന്നിയിരുന്ന എംടി ഹൈസ്‌കൂള്‍ പഠനകാലം തൊട്ടേ എഴുതിത്തുടങ്ങി.ആദ്യം കവിതകളായിരുന്നു എഴുതിയിരുന്നതെങ്കിലും പതിയെ ഗദ്യത്തിലേക്ക് മാറി. 1948-ല്‍ മദ്രാസ് ആസ്ഥാനമായുള്ള ചിത്രകേരളം മാസികയില്‍ എംടിയുടെ ആദ്യ കഥ ‘വിഷുവാഘോഷം’ പ്രസിദ്ധീകരിച്ചു. പിന്നീട് 1952-ല്‍ രക്തം പുരണ്ട മണല്‍ത്തരികള്‍ എന്ന അദ്ദേഹത്തിന്റെ ആദ്യ പുസ്തകവും പുറത്തിറങ്ങി.