എം.എസ്.സിയുടെ നീളം കൂടിയ രണ്ടാമത്തെ മദർഷിപ്പ് 'അന്ന' വിഴിഞ്ഞം തുറമുഖത്ത്

വെളളിയാഴ്ച അടുത്ത എം.എസ്.സി അന്നയുടെ വീതി 58.6 മീറ്ററും ആഴം 14.7- മീറ്ററുമാണ്. ഔദ്യോഗിക രേഖകളിൽ കപ്പലിന് 399.98- മീറ്റർ നീളമാണുളളതെങ്കിലും 400 മീറ്റർ നീളമായി കരുതാമെന്ന് ഷിപ്പിങ് മേഖലയിലെ വിദഗ്ധർ പറഞ്ഞു.

author-image
Vishnupriya
New Update
dc

വിഴിഞ്ഞം: എം.എസ്.സിയുടെ നീളം കൂടിയ രണ്ടാമത്തെ മദർഷിപ്പായ 'അന്ന' വിഴിഞ്ഞം തുറമുഖത്തെത്തി. മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ( എം.എസ്.സി) ക്ലൗഡ് ജിറാർ ഡെറ്റ് വിഴിഞ്ഞത്ത് വന്നുപോയതിനുശേഷം വെളളിയാഴ്ച തുറമുഖത്ത് എത്തിയത് അതേ നീളത്തിലുളള അന്നയെന്ന മദർഷിപ്പാണിത്. വിഴിഞ്ഞം തുറമുഖത്തടുത്ത ഏറ്റവും നീളം കൂടീയ രണ്ടാമത്തെ കപ്പലെന്ന പദവിയും അന്ന എന്ന മദർഷിപ്പിന് സ്വന്തമായി. 

ഇന്ത്യയിലെ തുറമുഖങ്ങളിൽ വന്നുപോയ എം.എസ്.സിയുടെ ഏറ്റവും വലിയ കപ്പലായ ക്ലൗഡ് ജിറാർഡെറ്റിന് 400-മീറ്റർ നീളവും 61.5-മീറ്റർ വീതിയുമാണുളളത്. ജലോപരിതലത്തിൽ നിന്ന് താഴോട്ടുളള ഈ കപ്പലിന്റെ ആഴം 16.7- മീറ്ററാണ്. വെളളിയാഴ്ച അടുത്ത എം.എസ്.സി അന്നയുടെ വീതി 58.6 മീറ്ററും ആഴം 14.7- മീറ്ററുമാണ്. ഔദ്യോഗിക രേഖകളിൽ കപ്പലിന് 399.98- മീറ്റർ നീളമാണുളളതെങ്കിലും 400 മീറ്റർ നീളമായി കരുതാമെന്ന് ഷിപ്പിങ് മേഖലയിലെ വിദഗ്ധർ പറഞ്ഞു.

ദുബായിലെ ജെബൽഅലി തുറമുഖത്ത് നിന്ന് സെർബിയൻ സ്വദേശി ക്യാപ്ടൻ ജൊവാനോവിക് സോറന്റെ നേത്യത്വത്തിൽ 20 ജീവനക്കാരുമായാണ് കപ്പലെത്തിയത്. പുറം കടലിലെത്തിയ കപ്പലിനെ തുറമുഖത്ത് സജ്ജമാക്കിയിരുന്ന വാട്ടർലൈൻ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക് കമ്പനിയുടെ പൈലറ്റ് ടഗ്ഗുകളുടെ സഹായത്തോടെയായിരുന്നു ബെർത്തിലെത്തിച്ചത്. വിഴിഞ്ഞമടുത്ത എം.എസ്.സിയുടെ പതിനൊന്നാമത്തെ കപ്പലും ഇവിടെ എത്തിയ 14-ാമത്തെ കപ്പലുമാണിതെന്ന് തുറമുഖ അധികൃതർ പറഞ്ഞു. കപ്പലിൽ നിന്ന് 6000 ത്തോളം കണ്ടെയ്‌നറുകളാവും ഇറക്കുകയും കയറ്റുകയും ചെയ്യുക. തുടർന്ന് തിങ്കളാഴ്ചയോടെ കപ്പൽ ശ്രീലങ്കയിലെ കൊളംബോയിലേക്ക് മടങ്ങുമെന്നാണ് തുറമുഖ അധികൃതർ നൽകുന്ന വിവരം.

തുറമുഖത്ത് സ്ഥാപിച്ചിട്ടുളളതും ഓട്ടോമാറ്റഡ് സംവിധാനത്തിൽ പ്രവർത്തിക്കുന്നതുമായ ക്രെയിനുകളുപയോഗിച്ച് ബെർത്തിലടുപ്പിച്ച കപ്പലുകളിൽ നിന്ന് കണ്ടെയ്‌നറുകൾ കരയിലേക്കും തിരികെ കപ്പലിലേക്കും കയറ്റുന്ന ട്രയൽ റണ്ണാണ് തുറമുഖത്ത് ഇപ്പോൾ നടക്കുന്നതെന്ന് ബന്ധപ്പെട്ട തുറമുഖ അധികൃതർ വിശദീകരിച്ചു. ഒക്ടോബർ അവസാനത്തോടെയാണ് തുറമുഖത്തിന്റെ കമ്മീഷനിങ് നടത്തുകയെന്ന് തുറമുഖ മന്ത്രി വി.എൻ.വാസവൻ അറിയിച്ചിരുന്നു. കൂടുതൽ കപ്പലുകൾ ഇനിയുമെത്തിയേക്കും.

Vizhinjam international seaport