എംപോക്സ് രോഗ ലക്ഷണങ്ങളോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസലേഷൻ വാർഡിൽ ചികിത്സയിൽ കഴിയുന്നയാളുടെ ആദ്യ പരിശോധനാഫലം നെഗറ്റീവ്. ഇയാളുടെ കുടുംബാംഗങ്ങൾ ക്വാറന്റീനിൽ കഴിയുകയാണ്. രണ്ടാമത്തെ പരിശോധന ഫലം ഇന്നു തന്നെ ലഭ്യമാകുമെന്നാണ് വിവരം. രണ്ടാഴ്ച മുൻപ് നാട്ടിലെത്തിയ വ്യക്തി, പനിയും മറ്റു രോഗലക്ഷണങ്ങളുമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. കുമിളകൾ പോലെ ശരീരം തടിച്ചുപൊങ്ങാൻ തുടങ്ങിയതോടെ ആരോഗ്യ വകുപ്പിന്റെ നിർദേശം അനുസരിച്ച് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
യുഎഇയിൽ നിന്നെത്തിയ മലപ്പുറം എടവണ്ണ സ്വദേശിക്ക് കഴിഞ്ഞ ദിവസം എം പോക്സ് സ്ഥിരീകരിച്ചിരുന്നു. 38-കാരനായ യുവാവ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ദുബായിൽ നിന്ന് എത്തിയപ്പോൾ തന്നെ പനിയെ തുടർന്ന് ഇയാൾ ചികിത്സ തേടുകയായിരുന്നു. എം പോക്‌സ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.