പാലക്കാട്ട് ബിജെപി സ്ഥാനാർഥി പരാജയപ്പെട്ടാൽ തന്റെ തലയിൽ ഉത്തരവാദിത്തം കെട്ടിവെക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. സി കൃഷ്ണകുമാർ പരാജയപ്പെടുന്നതിന്റെ പേരിൽ തനിക്കെതിരെ നടപടി എടുക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്. പാർട്ടിക്കെതിരെ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കാത്തത് ഇതിന്റെ ഭാഗമാണെന്നും സന്ദീപ് പറഞ്ഞു. .
പാലക്കാട്ട് ബിജെപി ജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. തന്റെ ആത്മാഭിമാനത്തിനേറ്റ ആഘാതമാണ് വിഷയം. അത് പരിഹരിക്കാതെ പാപഭാരം അടിച്ചേൽപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. താൻ പോയാലും ഒന്നുമില്ലെന്ന തരത്തിൽ പറയുന്നവർ അച്ചടക്കം പറഞ്ഞ് ഭയപ്പെടുത്തരുത്. നടപടിയെടുക്കേണ്ടത് തന്നെ അപമാനിച്ചവർക്കെതിരെയാണെന്നും അദേഹം പറഞ്ഞു.
നേതാക്കൾ രണ്ടു തട്ടിലാണെന്ന് സൂചിപ്പിച്ചും പ്രവർത്തകരെ മാനസികമായി പ്രയാസപ്പെടുത്തിയും കൺവെൻഷനിൽ പ്രസംഗിച്ചവരാണ് അച്ചടക്കലംഘനം നടത്തിയതെന്നും സന്ദീപ് ആരോപിച്ചു. രാഷ്ട്രീയമായി താൻ ഇപ്പോഴും ബിജെപിക്കാരനാണെന്നും ബിജെപി ആരുടെയും സ്വത്തല്ലെന്നും സന്ദീപ് വ്യക്തമാക്കി.
അതേസമയം, സന്ദീപ് വാര്യർ വിഷയത്തിൽ പരസ്യ പ്രതികരണം വേണ്ടെന്ന നിലപാട് തുടരാൻ ബിജെപി നേതൃത്വത്തിന്റെ തീരുമാനം. സന്ദീപ് രാഷ്ട്രീയ നിലപട് വ്യക്തമാക്കിയ ശേഷം അച്ചടക്ക നടപടിയടക്കമുള്ള കാര്യങ്ങളിൽ തീരുമാനം എടുത്താൽ മതിയെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിൽ ഉണ്ടാക്കിയിരിക്കുന്ന ധാരണ. തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ ധൃതിപെട്ട് തീരുമാനം എടുത്താൽ അത് തിരിച്ചടിയാകുമെന്ന വിലയിരുത്തൽ നേതൃത്വത്തിനുണ്ട്. സന്ദീപ് വാര്യറുമായി ഇനിയൊരു അനുരഞ്ജന നീക്കത്തിന് മുതിരില്ലന്നാണ് ബിജെപി കേന്ദ്രങ്ങൾ നൽകുന്ന സൂചന.