മോട്ടോര്‍ തൊഴിലാളി മേഖല ഏറെ പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തില്‍ തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമൊപ്പം നിന്ന് സാമൂഹിക സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കാഴ്ചവെക്കുന്നതെന്ന് തൊഴിലും നൈപുണ്യവും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 64924 പേര്‍ക്ക് 2237010756 രൂപയുടെ ആനുകൂല്യങ്ങള്‍ ബോര്‍ഡ്
വിതരണം ചെയ്തതായും മന്ത്രി അറിയിച്ചു. തൊഴിലാളികളുടെ മക്കളില്‍ കലാകായിക അക്കാദമിക് രംഗങ്ങളില്‍ സംസ്ഥാനദേശീയ തലങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള സ്വര്‍ണ്ണ പതക്കങ്ങളും, കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങളും വിതരണം ചെയ്യുന്ന മികവ് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഓണ്‍ലൈന്‍ പരാതിപരിഹാരസംവിധാനം
ഓണ്‍ലൈന്‍ മുഖേന ക്ഷേമനിധി വിഹിതം അടക്കുന്നതിനുള്ള സൗകര്യം, ഓണ്‍ലൈന്‍ പരാതിപരിഹാരസംവിധാനം, ഡിബിറ്റി മുഖേനയുള്ള ആനുകൂല്യവിതരണം തുടങ്ങി ബോര്‍ഡ് പ്രവര്‍ത്തനം പൂര്‍ണ്ണമായും ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും തൊഴിലാളികള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി എല്ലാ ജില്ലാ ഓഫീസുകളിലും ചീഫ് ഓഫീസിലും ഫ്രണ്ട് ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഈ വര്‍ഷം വിവിധ മേഖലകളില്‍ നിന്നുള്ള 29 കുട്ടികള്‍ക്കും സ്വര്‍ണ്ണപ്പതക്കങ്ങളും, 5278 കുട്ടികള്‍ക്ക് പഠനോപകരണങ്ങളുമാണ് വിതരണം ചെയ്യുന്നത്. തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി, ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആന്റണിരാജു എം എല്‍ എ, ബോര്‍ഡ് ചെയര്‍മാന്‍ കെ കെ ദിവാകരന്‍, ലേബര്‍ കമ്മിഷണര്‍ ഡോ വീണ എന്‍ മാധവന്‍ തുടങ്ങിയവര്‍ സ്വര്‍ണ്ണപ്പതക്കങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു. ബോര്‍ഡ് അംഗങ്ങളായ എം ഇബ്രാഹിം കുട്ടി,ലോറന്‍സ് ബാബു, ഡി സന്തോഷ്‌കുമാര്‍, സാബു എസ്,കെ ജെ സ്റ്റാലിന്‍, സുരേഷ്‌കുമാര്‍ പി ആര്‍ , ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രഞ്ജിത്ത് പി മനോഹര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.