തൃക്കാക്കര: ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതെ ഓടുന്ന ഓട്ടോറിക്ഷകളെ പൂട്ടാൻ മോട്ടർ വാഹന വകുപ്പിന്റെ പരിശോധന. എറണാകുളം നഗരത്തിൽ നടത്തിയ പരിശോധനയിൽ ഫെയർ മീറ്റർ ഘടിപ്പിച്ചിട്ടും പ്രവർത്തിപ്പിക്കാതെ ഓടിയ 10 ഓട്ടോ ഡ്രൈവർമാർക്കെതിരേയും ലൈസൻസ് ഇല്ലാതെ സർവീസ് നടത്തിയ 2 ഡ്രൈവർമാർക്കെതിരേയും കേസെടുത്തു. ഇൻഷൂറൻസ് ഇല്ലാതെ സർവീസ് നടത്തിയ ഒരു ഓട്ടോയും പിടികൂടി. ഇവരിൽ നിന്നും 23,250 രൂപ പിഴ ചുമത്തി.എൻഫോഴ്മെന്റ് ആർ.ടി.ഒ കെ മനോജിന്റെ നിർദേശപ്രകാരം 5 വെഹിക്കിൾ ഇൻസ്പെക്ടർമാർ വേഷം മാറി കാക്കനാട് നിന്നും വിവിധ റോഡുകളിൽ
ഓട്ടോറിക്ഷകളിൽ മാറി മാറി കയറിയാണ് പരിശോധന നടത്തിയത്.എം വി ഐ മാരായ ദിപു പോൾ, സി.എൻ ഗുമദേഷ്,ടി .എസ് സജിത്,അരുൺ പോൾ,ജോബിൻ ജേക്കബ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അമിത നിരക്ക് വാങ്ങുന്ന തടക്കമുള്ള കുറ്റകൃത്യങ്ങൾക്കെതിരെ തുടർന്നും ശക്തമായ നടപടികളുമായി മുമ്പോട്ട് പോകുമെന്ന് ആർ.ടി ഒ അറിയിച്ചു. ഇത്തരത്തിലുള്ള പരാതികൾ നിരവധി സ്ഥലങ്ങളിൽ നിന്നും ഉയരുന്നുണ്ടെന്നും ആർ ടി ഒ വ്യക്തമാക്കി