വയനാട് ദുരന്ത മേഖലയിൽ സേവനത്തിന് കൂടുതൽ മെഡിക്കൽ കോളേജുകളിൽ നിന്നുള്ള സൈക്യാട്രി വിദഗ്ധ ഡോക്ടർമാരെ കൂടി നിയോഗിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. ആരോഗ്യ വകുപ്പിലെ സൈക്യാട്രിസ്റ്റുകൾക്കും കൗൺസലർമാർക്കും പുറമേയാണിത്. കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ മാനസികാരോഗ്യം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. വ്യക്തിഗത കൗൺസലിംഗും ഗ്രൂപ്പ് കൗൺസലിംഗും നൽകി വരുന്നു. ഇന്ന് 100 അംഗ മാനസികാരോഗ്യ ടീം 13 ക്യാമ്പുകൾ സന്ദർശിച്ചു. 222 പേർക്ക് ഗ്രൂപ്പ് കൗൺസലിംഗും 386 പേർക്ക് സൈക്കോസോഷ്യൽ ഇന്റർവെൻഷനും 18 പേർക്ക് ഫാർമാക്കോ തെറാപ്പിയും നൽകി.
ആരോഗ്യ വകുപ്പിന്റെ ഹെൽത്ത് ടീം ഇതുവരെ 1592 വീടുകൾ സന്ദർശിച്ച് ആരോഗ്യ പരിചരണം ഉറപ്പാക്കി. ഇന്ന് 12 ഹെൽത്ത് ടീമുകൾ 274 വീടുകൾ സന്ദർശിച്ചു. പകർച്ചവ്യാധികൾ പ്രതിരോധിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. ഇൻഫെക്ഷൻ കൺട്രോൾ പ്രോട്ടോകോൾ പ്രധാനമായും ശ്രദ്ധിക്കണം. ആരോഗ്യ വനിത ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥർ ഇടയ്ക്കിടയ്ക്ക് ക്യാമ്പുകൾ സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തണം. പോരായ്മകൾ കണ്ടെത്തി അടിയന്തരമായി പരിഹരിക്കണം- മന്ത്രി നിർദ്ദേശിച്ചു. ആയുഷ് മേഖലയിലെ സേവനം കൂടി ലഭ്യമാക്കുന്നുണ്ട്. ഇതുവരെ 91 ഡിഎൻഎ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.