കൊച്ചി : കളമശ്ശേരിയിൽ കൂടുതൽ പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു.ഇവിടെ ഒരാഴ്ചക്കിടെ 28 കേസുകളാണ് സ്ഥിരീകരിച്ചത്. നിലവിൽ 10 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുകയായിരുന്നു.കൂടുതൽ കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ ബോധവൽക്കരണ നടപടികൾ നഗരസഭ ഊർജിതമാക്കിയിട്ടുണ്ട്. ജില്ലയിലെ കുടിവെള്ള സ്രോതസുകളിലെ പരിശോധനയ്ക്ക് ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്.
അതേ സമയം, എറണാകുളം വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ മഞ്ഞപ്പിത്ത രോഗം വ്യാപിക്കുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പ്രദേശവാസികൾക്ക് ആരോഗ്യ വകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗലക്ഷണങ്ങളുളളവരെ ചികിത്സ നൽകി നിരീക്ഷണത്തിലാക്കി കൂടുതൽ പേരിലേക്ക് രോഗം പടരാതിരിക്കാനുള്ള ശ്രമങ്ങളിലാണ് ആരോഗ്യവകുപ്പ്.
എറണാകുളം വേങ്ങൂരിൽ മഞ്ഞപ്പിത്ത വ്യാപനത്തിൽ കുറ്റക്കാർക്കെതിരെ മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്ന് എറണാകുളം ജില്ല കളക്ടർ എൻ എസ് കെ ഉമേഷ് അറിയിച്ചു. ചികിത്സയിലുള്ളവർക്ക് നഷ്ടപരിഹാരം നൽകുന്നത് ശുപാർശ ചെയ്തുള്ള റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറി. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ഉടൻ നടപടിയെടുക്കുമെന്നും എൻ എസ് കെ ഉമേഷ് ആവശ്യപ്പെട്ടു.