വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കൂടുതൽ കണ്ടെയ്നർ കപ്പലുകൾ

കപ്പലുകളിൽനിന്ന് ഇവിടെ സ്ഥാപിച്ചിരിക്കുന്ന ക്രെയിനുകളുപയോഗിച്ച് കണ്ടെയ്‌നറുകൾ ഇറക്കുകയും തിരികെ കയറ്റുകയും ചെയ്യുന്ന സാങ്കേതികപ്രവർത്തനങ്ങളുടെ ട്രയൽ റണ്ണാണ് ഇപ്പോൾ നടക്കുന്നതെന്ന് തുറമുഖ അധികൃതർ വ്യക്തമാക്കി.

author-image
Vishnupriya
New Update
as
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: വൻകിട കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ(എം.എസ്.സി.) കൂടുതൽ കണ്ടെയ്‌നറുകൾ കപ്പലുകൾ വിഴിഞ്ഞം തുറമുഖത്ത് എത്തിത്തുടങ്ങി. ഒക്ടോബർ അവസാനത്തോടെയാവും തുറമുഖത്തിന്റെ കമ്മിഷനിങ് നടത്തുക. കപ്പലുകളിൽനിന്ന് ഇവിടെ സ്ഥാപിച്ചിരിക്കുന്ന ക്രെയിനുകളുപയോഗിച്ച് കണ്ടെയ്‌നറുകൾ ഇറക്കുകയും തിരികെ കയറ്റുകയും ചെയ്യുന്ന സാങ്കേതികപ്രവർത്തനങ്ങളുടെ ട്രയൽ റണ്ണാണ് ഇപ്പോൾ നടക്കുന്നതെന്ന് തുറമുഖ അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച വന്ന എം.എസ്.സി.യുടെ കൂറ്റൻ മദർഷിപ്പ് ക്ലൗഡ് ജിറാർഡെറ്റിനുശേഷമാണ് തുടർച്ചയായി കപ്പലുകൾ എത്തിത്തുടങ്ങിയത്. വ്യത്യസ്ത വലുപ്പമുള്ള രണ്ട് കപ്പലുകൾക്ക് ഒരേ സമയം ബെർത്തിലടുപ്പിക്കാനായെന്ന് തുറമുഖ കമ്പനി അധികൃതർ പറഞ്ഞു. കഴിഞ്ഞ 19-ന് 4000ത്തോളം കണ്ടെയ്‌നറുകളമായി എത്തിയതാണ് എം.എസ്.സി. താവിഷ്. ഇതിൽനിന്നുള്ള കണ്ടെയ്‌നറുകൾ ഇറക്കുന്നത് പൂർത്തിയായി വരുന്നതേയുള്ളൂ.ഞായറാഴ്ചയോടെയാവും ഈ കപ്പൽ തുറമുഖംവിടുക. 

ഇതേസമയംതന്നെ ഐറ എന്ന വലുപ്പം കുറഞ്ഞ കപ്പലും തുറമുഖത്ത് നങ്കൂരമിട്ടു. ഇതിൽനിന്നുള്ള 200 കണ്ടെയ്‌നറുകൾ ഇറക്കിയശേഷം വൈകീട്ടോടെ മടങ്ങി. താവിഷിനു മുൻപെത്തിയ എം.എസ്.സി.യുടെ ഇവ എന്ന കപ്പൽ തുറമുഖത്ത് വന്നുപോയിരുന്നു. ഇനി പുറംകടലിൽ നങ്കൂരമിട്ടിരിക്കുന്ന 364 മീറ്റർ നീളവും 51 മീറ്റർ വീതിയുമുള്ള ‘റോസ്’, 223 മീറ്റർ നീളമുള്ളതും 30 മീറ്റർ വീതിയുമുള്ള ‘കേപ്ടൗൺ-3’ എന്നീ കപ്പലുകൾ ഞായറാഴ്ച ഉച്ചയോടെ തുറമുഖത്ത് അടുപ്പിച്ചേക്കും. 25-ന് പുലർച്ചെ എം.സി.യുടെതന്നെ കൂറ്റൻ മദർഷിപ്പായ 400 മീറ്റർ നീളവും 58 മീറ്റർ വീതിയുമുള്ള അന്നയും വിഴിഞ്ഞം തുറമുഖത്ത് അടുത്തേക്കും.

Vizhinjam international seaport