വിജയികള്‍ക്കു കിരീടങ്ങള്‍ നിര്‍മിച്ചു മൂത്തേടത്ത് സ്‌കൂള്‍

തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളാണ് ഈ കിരീടം നിര്‍മിച്ചത്. സ്‌കൂള്‍ പ്രൊഡക്ഷന്‍ സെന്ററിലാണ് കിരീടങ്ങള്‍ നിര്‍മിച്ചത്.

author-image
Prana
New Update
moothedath school

 സ്‌കൂള്‍ കായികമേളയില്‍ വിജയിക്കുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ഇക്കുറി ഒരു വ്യത്യസ്ത സമ്മാനം കൂടി ലഭിക്കും, വിജയകിരീടം. തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളാണ് ഈ കിരീടം നിര്‍മിച്ചത്. ഗ്രീസിലെ ഏഥന്‍സില്‍ ആദ്യമായി ഒളിമ്പിക്‌സ് ആവിഷ്‌കരിക്കപ്പെട്ടപ്പോള്‍ സമ്മാനമായി നല്‍കിയ ഒലിവ് ചില്ലയുടെ കിരീടത്തിന്റെ പ്രതീകമായിട്ടാണ് സ്‌കൂള്‍ ഒളിമ്പിക്‌സ് വിജയികള്‍ക്കും അത് സമ്മാനിക്കാന്‍ തീരുമാനിച്ചത്. സ്‌കൂള്‍ പ്രൊഡക്ഷന്‍ സെന്ററിലാണ് കിരീടങ്ങള്‍ നിര്‍മിച്ചത്. സംസ്ഥാനത്ത് 250 ഓളം സ്‌കൂള്‍ പ്രൊഡക്ഷന്‍ സെന്ററുകളുണ്ട്. അത്തരത്തിലൊന്നാണ് മൂത്തേടത്ത് സ്‌കൂളിലുമുള്ളത്. കുട്ടികളുടെ കഴിവുകളെ പ്രോത്‌സാഹിപ്പിക്കുക എന്ന ലക്ഷ്യമാണ് ഈ സെന്ററുകള്‍ക്കുളളത്. 
 മൂത്തേടത്ത് സ്‌കൂളിലെ പ്രൊഡക്ഷന്‍ സെന്ററുമായി ബന്ധപ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവയ്ക്കപ്പെട്ട ആശയമായിരുന്നു കിരീടം. അങ്ങിനെ കുട്ടികള്‍ അധ്യാപകരുടെ പിന്തുണയോടെ ആവേശപൂര്‍വം കിരീട നിര്‍മാണം ഏറ്റെടുത്തു. 5700 കിരീടങ്ങളാണു മേളയ്ക്കായി രണ്ടാഴ്ചക്കുള്ളില്‍ നിര്‍മിച്ചത്.
 വെല്‍വെറ്റ് ഉള്‍പ്പെടെയുള്ള ആകര്‍ഷകമായ തുണിയിലാണ് കിരീടം നിര്‍മിച്ചത്. കിരീട നിര്‍മാണത്തെ സഹായിക്കാന്‍ മാനേജ്‌മെന്റ് മൂന്നര ലക്ഷത്തോളം രൂപ മുടക്കി ഒരു യന്ത്രം തന്നെ വാങ്ങി. പ്രൊഡക്ഷന്‍ സെന്ററിന് സര്‍ക്കാര്‍ സഹായമായി 6.27 ലക്ഷമാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതില്‍ 5 ലക്ഷം രൂപ പ്രാരംഭമായി ലഭിച്ചിരുന്നു. 
 ഇങ്ങനെ നിര്‍മിച്ച കിരീടം ഇന്നലെ കടവന്ത്ര സ്റ്റേഡിയത്തില്‍ ചേര്‍ന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് ഔപചാരികമായി കൈമാറി. സ്‌കൂളില്‍ നിന്ന് പ്രവര്‍ത്തി പരിചയ വിഭാഗം അധ്യാപിക പി വി വര്‍ഷയുടെയും മറ്റ് അധ്യാപകരുടെയും നേതൃത്വത്തില്‍ എട്ട്, ഒമ്പത് ക്ലാസുകാരായ 12 കുട്ടികളാണു കിരീടം കൈമാറാന്‍ എത്തിയത്. കുട്ടികളുടെയും അധ്യാപകരുടെയും അര്‍പ്പണ മനോഭാവത്തെ മന്ത്രി അഭിനന്ദിച്ചു.

winner State School Sports meet gold crown