ഹിമാചല്‍പ്രദേശിലെ വിമാനാപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ ഇലന്തൂര്‍ ഈസ്റ്റ് ഒടാലില്‍ പുത്തന്‍ വീട്ടില്‍ തോമസ് ചെറിയാന് ആദരം അര്‍പ്പിച്ച് നടന്‍ മോഹന്‍ലാല്‍. ധീരജവാന് ആദരം അര്‍പ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
1968 ൽ റോത്താങ് മേഖലയിലാണ് വിമാനാപകടം ഉണ്ടായത്. 56 വര്‍ഷത്തിനുശേഷം കണ്ടെത്തിയ, അന്ന് 26-കാരനായ തോമസ് ചെറിയാന്റെ മൃതദേഹം ഇപ്പോള്‍ 73 വയസ് പ്രായമായ അനുജന്‍ തോമസ് തോമസാണ് ഏറ്റുവാങ്ങിയത്. വിമാനം തകര്‍ന്നുവീണ നാള്‍മുതല്‍ തുടരുന്ന പര്യവേക്ഷണങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് തോമസ് ചെറിയാന്‍ ഉള്‍പ്പെടെ നാലുപേരുടെ മൃതദേഹം കണ്ടെടുത്തത്. 2019-ല്‍ അഞ്ചുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. 18-ാം വയസ്സില്‍ സൈന്യത്തില്‍ ചേര്‍ന്ന തോമസ് ചെറിയാന്‍ ക്രാഫ്റ്റ്സ്മാനായി ലഡാക്കിലായിരുന്നു ആദ്യസേവനം. ലഡാക്കില്‍നിന്ന് മടങ്ങുന്നതിനിടെയായിരുന്നു ദുരന്തം.
നാടിന്റെ മുഴുവന്‍ ആദരവേറ്റുവാങ്ങിയായിരുന്നു തോമസ് ചെറിയാന്റെ അന്ത്യയാത്ര. കാരൂര്‍ സെയ്ന്റ് പീറ്റേഴ്സ് ഓര്‍ത്തഡോക്‌സ് പള്ളിയിലാണ് അദ്ദേഹത്തിന്റെ അന്ത്യവിശ്രമം. കുടുംബകല്ലറയില്‍ തോമസ് ചെറിയാനെ സംസ്‌കരികരിക്കണമെന്നായിരുന്നു കുടുബാംഗങ്ങള്‍ ആഗ്രഹം പ്രകടിപ്പിച്ചിച്ചത്. എങ്കിലും രാജ്യസേവനത്തിനിടെ മരിച്ച സൈനികന് പ്രത്യേക ആദരം എന്ന നിലയില്‍ സെമിത്തേരിയില്‍ നിന്ന് മാറി അന്ത്യവിശ്രമസ്ഥലമൊരുക്കാന്‍ പള്ളിക്കമ്മിറ്റി പ്രത്യേകയോഗം ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു. മദ്ബഹയ്ക്ക് പിന്നിലായാണ് തോമസ് ചെറിയാന് അന്ത്യനിദ്രയ്ക്കുള്ള പ്രത്യേകസ്ഥലം സജ്ജമാക്കിയത്.