മോഹന്‍ലാല്‍ - ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളെല്ലാം മലയാളിക്ക് പ്രിയപ്പെട്ടതാണ്. ഇരുവരും ചേര്‍ന്ന് വമ്പന്‍ ഹിറ്റുകള്‍ സമ്മാനിക്കുമ്പോഴും സിനിമയിലൂടെ ശ്രീനിവാസന്‍ സമ്മാനിക്കുന്ന ആക്ഷേപഹാസ്യങ്ങള്‍ വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിട്ടുണ്ട്. ഉദയനാണ് താരവും സൂപ്പര്‍സ്റ്റാര്‍ സരോജ്കുമാറുമൊക്കെ സിനിമയിലെ പടലപ്പിണക്കങ്ങള്‍ക്കും കാരണമാകാറുണ്ട്.
അത്തരത്തില്‍ ശ്രീനിവാസനെയും മംമ്ത മോഹന്‍ദാസിനെയും പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സജിന്‍ രാഘവന്‍ സംവിധാനം ചെയ്ത് 2012ല്‍ പുറത്തിറങ്ങിയ ആക്ഷേപഹാസ്യ ചലച്ചിത്രമാണ് പത്മശ്രീ ഭരത് ഡോ. സരോജ് കുമാര്‍. 2005-ല്‍ പുറത്തിറങ്ങിയ ഉദയനാണ് താരം എന്ന ചിത്രത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച സരോജ് കുമാര്‍ എന്ന ചലച്ചിത്രനടനെയാണ് ശ്രീനിവാസന്‍ ഈ ചിത്രത്തിലും അവതരിപ്പിച്ചത്.
സൂപ്പര്‍താരങ്ങള്‍ക്കിടയിലെ താരജാഡതുറന്നുകാട്ടിയ സനിമയ്ക്ക് പിന്നാലെ അത് മോഹന്‍ലാല്‍ ആണെന്ന തരത്തില്‍ വന്‍ പ്രചാരണം നടന്നിരുന്നു. സിനിമയ്ക്ക് ശേഷം ശ്രീനിവാസനും മോഹന്‍ലാലും തമ്മില്‍ മിണ്ടിയിട്ടില്ലെന്നും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞതാണ്. എന്നാല്‍ ഇതില്‍ വെളിപ്പെടുത്തലുമായി മോഹന്‍ലാല്‍തന്നെ രംഗത്തുവന്നിട്ടുണ്ട്.
ശ്രീനിവാസന്‍ തന്നെ അപമാനിക്കാനാണ് അങ്ങനെ ഒരു ചിത്രം ചെയ്തതെന്ന് വിശ്വസിക്കുന്നില്ലെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ഞാന്‍ അദ്ദേഹത്തെ കണ്ടപ്പോഴൊന്നും ഇതേക്കുറിച്ച് അദ്ദേഹത്തോട് സംസാരിച്ചിട്ടേ ഇല്ല. സംസാരിക്കാന്‍ താത്പര്യപ്പെടുന്നുമില്ല. കാരണം താന്‍ ഇപ്പോഴും വിശ്വസിക്കുന്നത് ആ സിനിമ തന്നെ കുറിച്ചല്ല. തന്നെ കുറിച്ചൊരു സിനിമ ചെയ്തിട്ട് അതിലൂടെ വലിയ ആളാവേണ്ട കാര്യമൊന്നും ശ്രീനിവാസനില്ല.
ഞങ്ങള്‍ ഒരുപാട് നല്ല സിനിമകള്‍ ചെയ്തിട്ടുണ്ട്. ഇനിയും ഒരു അവസരം ലഭിച്ചാല്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കും. അതില്‍ ശാശ്വതമായ ശത്രുത ഒന്നും എന്റെ ഭാഗത്ത് നിന്നില്ല. ശ്രീനിക്കും അങ്ങനെ ഒരു ശത്രുത ഉണ്ടാവേണ്ട കാര്യമില്ലല്ലോ. നമ്മുടെ പല കാര്യങ്ങളും മറ്റുള്ളവര്‍ക്കാണ് പ്രശ്നം. ഇത് ഒരു റഫ്ളക്സ് ആണ്. അന്ന് ശ്രീനിവാസന്‍ അങ്ങനെ ഒരു സിനിമയെടുത്തതില്‍ ആളുകള്‍ അങ്ങനെ പറഞ്ഞു. അത്രയേ ഉള്ളു. പേപ്പറില്‍ ഒരു വാര്‍ത്ത വായിക്കുന്നത് പോലെ, ടെലിവിഷനില്‍ ഒരു സിനിമ കാണുന്നത് പോലെ ഒക്കെ ഇതിനെ കണ്ടാല്‍ മതി.
ഇത് സത്യാവസ്ഥയിലേക്ക് ഇറങ്ങി ചെന്ന് കണ്ടുപിടിക്കേണ്ട കാര്യമൊന്നുമല്ലല്ലോ. ഒരുപാട് പേര്‍ ഈ കാര്യങ്ങള്‍ എന്നോട് ആ സമയത്ത് ചോദിച്ചിരുന്നു. ഞാന്‍ അതിനോടൊന്നും പ്രതികരിച്ചിട്ടേ ഇല്ല. അത് എന്നെകുറിച്ചാണ് എന്ന് എനിക്ക് തോന്നണ്ടേ? പക്ഷെ ശ്രീനിവാസന് പകരം ശ്രീനിവാസനേ ഉള്ളുവെന്നുമാണ് മോഹന്‍ലാല്‍ പറയുന്നത്.