‘അമ്മ’ പ്രസിഡന്റ് മോഹൻലാലിന് പ്രതികരണശേഷി നഷ്ടപ്പെട്ടെന്ന് നടൻ ഷമ്മി തിലകൻ. ഉടയേണ്ട വിഗ്രഹങ്ങൾ ഉടയണം, ഇല്ലെങ്കിൽ ഉടയ്ക്കണമെന്നും ഷമ്മി. ഉപ്പുതിന്നവൻ വെള്ളം കുടിക്കണമെന്നും ഷമ്മി തിലകൻ പറയുന്നു. രഞ്ജിത്ത് വിഷയത്തിലായിരുന്നു ഈ പ്രതികരണം. അച്ഛന്റെ ആത്മാവ് ഇവിടെത്തന്നെയുണ്ട്, അദ്ദേഹം അനുഭവിച്ചതും ഇവിടെയുണ്ട്. ഈ ചുഴലിക്കാറ്റ് ഇങ്ങനെ പലരെയും എടുത്തുകൊണ്ടുപോകുമെന്നും ഷമ്മി തിലകൻ പറഞ്ഞു.
അതേ സമയം ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് രാജിവച്ചു. അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടർന്നാണു രാജിവയ്ക്കുന്നതായി അദ്ദേഹം സർക്കാരിനെ അറിയിച്ചത്. രഞ്ജിത്ത് രാജിവയ്ക്കണമെന്നു വിവിധ കോണുകളിൽനിന്ന് ആവശ്യം ഉയർന്നിരുന്നു. നടൻ സിദ്ദിഖ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതിനു പിന്നാലെയാണ് രഞ്ജിത്തിന്റെ രാജി.