കൊച്ചി: സിപിഐഎം മുതിർന്ന നേതാവ് എം എം ലോറൻസിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കാൻ അനുമതി തേടി നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. മകൾ ആശ ലോറൻസ് നൽകിയ ഹർജിയാണ് തള്ളിയത്. ഇതോടെ എം എം ലോറൻസിന്റെ മൃതദേഹം പഠനാവശ്യത്തിനായി മെഡിക്കൽ കോളേജിന് വിട്ടുനൽകും. ജസ്റ്റിസ് വി ജി അരുൺ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. മരിച്ചയാളുടെ മക്കൾ തമ്മിലുള്ള യുദ്ധമാണ് ഹർജിയിലൂടെ വ്യക്തമാകുന്നത്. എംഎം ലോറൻസ് കമ്യൂണിസ്റ്റാണ്. മതത്തിൽ ജീവിച്ചയാളല്ലെന്നും ഹൈക്കോടതി വിധിയിൽ പറഞ്ഞു.
എംഎം ലോറൻസ് മകൻ എംഎൽ സജീവന് നൽകിയ അനുമതി നിയമാനുസൃതം. എംഎം ലോറൻസ് താൽപര്യം പ്രകടിപ്പിച്ചിരുന്നില്ലെങ്കിൽ മാത്രം എതിർപ്പ് ഉന്നയിക്കാം. മതാചാര പ്രകാരം സംസ്‌കരിക്കണമെന്ന ആശയുടെ ആവശ്യം അനുവദിക്കാനാവില്ലെന്നും വിധിയിൽ പറയുന്നു. മതാചാര പ്രകാരം സംസ്‌കരിക്കണമെന്ന് എംഎം ലോറൻസ് അറിയിച്ചുവെന്ന വാദം ഹൈക്കോടതി തള്ളി.
ബന്ധുക്കളായ സാക്ഷികൾ മുൻപാകെ നൽകിയ സമ്മതം എംഎം ലോറൻസ് പിൻവലിച്ചിട്ടില്ല. അനാട്ടമി നിയമപ്രകാരം നൽകിയ സമ്മതത്തിന് വിരുദ്ധമാണ് മതാചാരപ്രകാരമുള്ള സംസ്‌കാരം. എംഎം ലോറൻസ് മകനെ അറിയിച്ച താൽപര്യം മാത്രമേ നിയമപരമായി പരിഗണിക്കാനാവൂ എന്നും മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കാൻ അനുമതി നൽകികൊണ്ടുള്ള വിധി പുറപ്പെടുവിച്ച് ഹൈക്കോടതി പറഞ്ഞു.