കോഴിക്കോട്: എയിംസ് വിഷയത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ എം.കെ. രാഘവൻ. സംസ്ഥാന സർക്കാരാണ് എയിംസിനായി കോഴിക്കോട് കിനാലൂരിൽ സ്ഥലം കണ്ടെത്തിയതെന്നും ഇതിൽ തനിക്ക് ഒരു ദുരുദ്ദേശവുമില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ പ്രതിനിധികൾ കിനാലൂരിൽ എത്തിയിരുന്നു. അവർ തൃപ്തരാണ് എന്നാണ് മനസ്സിലായതെന്നും ഒരു ചർച്ച നടത്തി അത് നഷ്ടമാകുന്ന അവസ്ഥ ഉണ്ടാക്കരുതെന്നും രാഘവൻ പറഞ്ഞു.
കേരളത്തിൽ എയിംസ് എന്നത് 15 വർഷത്തിലധികമായി ചർച്ചചെയ്യുന്നു. 150 ഏക്കർ ഭൂമിയാണ് ഇതിനായി ഏറ്റെടുത്തത്. സ്ഥലം ഒരു വിഷയമാണ്. അതിൻ്റെ അടിസ്ഥാനത്തിലാണ് സർക്കാർ കിനാലൂരിൽ സ്ഥലം കണ്ടെത്തിയത്. സുരേഷ് ഗോപി സംസ്ഥാന സർക്കാറുമായി ആലോചന നടത്തണം. അത് മറന്നേക്കൂ എന്ന ഏകപക്ഷീയമായ ഭാഷ ശരിയല്ല. എയിംസ് ചെറിയ വിഷയമല്ല. സുരേഷ് ഗോപി പറഞ്ഞത് എന്തടിസ്ഥാനത്തിലാണ് എന്നറിയില്ല. അദ്ദേഹവുമായി ചർച്ചനടത്തും. കോഴിക്കോടുവന്ന് അത് മറന്നേക്കൂ എന്ന് പറയരുതായിരുന്നു, രാഘവൻ കൂട്ടിച്ചേർത്തു.
കേന്ദ്രമന്ത്രിയായ ശേഷം കഴിഞ്ഞദിവസം കോഴിക്കോട്ടെത്തിയപ്പോഴായിരുന്നു എയിംസ് സംബന്ധിച്ച് സുരേഷ് ഗോപി പ്രതികരിച്ചത്. എയിംസ് കോഴിക്കോട് വേണമെന്ന എം.കെ രാഘവൻ എംപിയുടെ ആവശ്യം സംബന്ധിച്ച ചോദ്യത്തിന് ആഗ്രഹിക്കാൻ ആർക്കും അവകാശമുണ്ടെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. എയിംസ് എവിടെ വേണമെന്നതിൽ 2016-ൽ താൻ അഭിപ്രായം പറഞ്ഞതാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, എം.കെ രാഘവന് രാഷ്ട്രീയ ദുരുദ്ദേശ്യമുണ്ടെന്നും വിമർശിച്ചു.