അമ്മ അടിച്ചു,വീട്ടുജോലി ചെയ്യിപ്പിച്ചു; വീട്ടിലേക്കില്ലെന്ന ഉറച്ച തീരുമാനത്തിൽ അസം ബാലിക, താത്കാലിക സംരക്ഷണം സി.ഡബ്ല്യു.സിക്ക്

അമ്മ വീട്ടിൽ ജോലി ചെയ്യിപ്പിച്ചുവെന്നും ശാരീരികമായി ഉപദ്രവിച്ചുവെന്നുമാണ് പെൺകുട്ടി മൊഴി നൽകിയത്. ട്രെയിനിൽ ഒരാൾ ബിരിയാണി വാങ്ങി നൽകിയെന്നും പെൺകുട്ടി അധികൃതരെ അറിയിച്ചിരുന്നു.

author-image
Greeshma Rakesh
New Update
ASSAM GIRL

missing 13 assam girl will study under the child welfare committee

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം:∙ കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ പതിമൂന്നുകാരി തത്കാലം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കീഴിൽ നിന്ന് പഠിക്കും. മാതാപിതാക്കൾക്കൊപ്പം പോകാൻ താത്പര്യമില്ലെന്ന കുട്ടിയുടെ ഉറച്ച തീരുമാനപ്രകാരം ആണ് നടപടി. കുട്ടിയുടെ പൂർണ സംരക്ഷണം സി.ഡബ്ല്യു.സി ഏറ്റെടുക്കും.

അമ്മ വീട്ടിൽ ജോലി ചെയ്യിപ്പിച്ചുവെന്നും ശാരീരികമായി ഉപദ്രവിച്ചുവെന്നുമാണ് പെൺകുട്ടി മൊഴി നൽകിയത്. ട്രെയിനിൽ ഒരാൾ ബിരിയാണി വാങ്ങി നൽകിയെന്നും പെൺകുട്ടി അധികൃതരെ അറിയിച്ചിരുന്നു. 10 ദിവസം സിഡബ്ല്യുസിയുടെ ബാലികാ സദനത്തിൽ പാർപ്പിച്ച് കുട്ടിക്ക് കൗൺസലിങ് നൽകാനാണു തീരുമാനം. രക്ഷിതാക്കൾക്കും കൗൺസലിങ് നൽകും. തുടർന്ന് കുട്ടിയുടെ മനസ്സു മാറുന്നെങ്കിൽ രക്ഷിതാക്കൾക്കൊപ്പം വിടും. നിലവിലെ നിലപാടു തുടരുകയാണെങ്കിൽ സർക്കാരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് സിഡബ്ല്യുസി ജില്ല ചെയർപഴ്സൻ ഷാനിബാ ബീഗം പറഞ്ഞിരുന്നു.

മകൾ വീട്ടിലേക്കു വരാത്തതിൽ അച്ഛനു വിഷമമുണ്ട്. സിഡബ്ല്യുസിയുടെ സംരക്ഷണയിൽ കഴിയുന്നതിൽ അമ്മയ്ക്ക് എതിർപ്പില്ല. മൂന്നു കുട്ടികളെയും സിഡബ്ല്യുസിയിൽ നിർത്താമെന്നു പറഞ്ഞെങ്കിലും അച്ഛനു താൽപര്യമില്ല. അമ്മയ്ക്കു സമ്മതവുമാണ്.

ചൊവ്വാഴ്ചയാണു കുട്ടി വീടുവിട്ട് ഇറങ്ങിയത്. മൂന്നു സംസ്ഥാനങ്ങളിലൂടെ 37 മണിക്കൂർ കൊണ്ട് 1,650 കിലോമീറ്റർ സഞ്ചരിച്ച കുട്ടിയെ മലയാളികളുടെ കൂട്ടായ്മ വിശാഖപട്ടണത്ത് ട്രെയിനിൽ ബുധനാഴ്ച രാത്രി 10നു കണ്ടെത്തി. കഴക്കൂട്ടത്തെ സ്കൂളിൽ ഒരു വർഷമായി കൃഷിപ്പണി ചെയ്യുന്ന ഭർത്താവിനൊപ്പം താമസിക്കാൻ ഒരു മാസം മുൻപാണ് യുവതിയും കുട്ടികളും അസമിൽ  നിന്ന് എത്തിയത്. 

അതിഥി തൊഴിലാളിയായ അൻവർ ഹുസൈനാണ് പെൺകുട്ടിയുടെ പിതാവ്. പെൺകുട്ടി കണിയാപുരം മുസ്ലീം ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ്. സഹോദരിയുമായി വഴക്കിട്ടതിന് കുട്ടിയെ അമ്മ ശകാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത്. തുടർന്ന് കുടുംബം കഴക്കൂട്ടം പൊലീസിൽ പരാതി നൽകുകയായിരുന്നു. മൂന്ന് മാസം മുമ്പാണ് കുട്ടിയുടെ കുടുംബം തിരുവനന്തപുരത്തെത്തിയത്.

 

 

Thiruvananthapuram assam girl missing CWC