‘ ഇരുമുടി കെട്ടുമായിവരുന്ന ഒരാൾക്കും തിരിച്ചു പോകേണ്ടിവരില്ല'; വി.എൻ.വാസവൻ

പ്രകോപനമോ വാശിയോ ഈ വിഷയത്തിൽ സർക്കാരിനില്ല. ഭക്തജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും മന്ത്രി വ്യക്തമാക്കി.

author-image
Vishnupriya
New Update
Vasavan

കോട്ടയം: ശബരിമലയില്‍ സ്പോട്ട് ബുക്കിങ് ഉണ്ടാകില്ലെന്നും ഇടത്താവളങ്ങളിലെ അക്ഷയ സെന്ററുകളിൽ വെർച്വൽ ക്യൂ ബുക്കിങിന് സൗകര്യം ഒരുക്കുമെന്നും ദേവസ്വം മന്ത്രി വി.എൻ.വാസവൻ. വെർച്വൽ ക്യൂ വഴി ദർശനം ബുക്ക് ചെയ്യാൻ ഒരു ദിവസം 80,000 പേർക്കാണ് അനുവാദം. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിരിക്കുന്നവരുടെ കണക്ക് തിരഞ്ഞെടുത്ത ഇടത്താവളങ്ങളിലെ അക്ഷയ കേന്ദ്രങ്ങളിൽ അറിയാൻ കഴിയും. 80,000 പേർ ബുക്ക് ചെയ്തിട്ടില്ലെങ്കിൽ ശേഷിക്കുന്ന ആളുകളുടെ ഒഴിവിലേക്ക് അക്ഷയ കേന്ദ്രം വഴി ബുക്ക് ചെയ്യാമെന്നും മന്ത്രി പറഞ്ഞു. പ്രകോപനമോ വാശിയോ ഈ വിഷയത്തിൽ സർക്കാരിനില്ല. ഭക്തജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും മന്ത്രി വ്യക്തമാക്കി.

ഭക്തർ തിരിച്ചറിയൽ രേഖകൾ നൽകിയാൽ ഇടത്താവളങ്ങളിൽവച്ചു തന്നെ രേഖകൾ പരിശോധിച്ച് ബുക്കിങിനു കഴിയും. വെർച്വൽ ബുക്കിങാണ് ചെയ്യാൻ കഴിയുക. ശബരിമലയിൽ എത്തിയശേഷം സ്പോട്ട് ബുക്കിങ് അനുവദിക്കില്ല. ഭക്തർ രേഖയില്ലാതെ ശബരിമലയിൽ വന്ന് അപകടം ഉണ്ടായാൽ അവരെ രക്ഷിക്കാൻ കഴിയില്ല. മുൻപ് അത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. അതിനാലാണ് ഓൺലൈൻ ബുക്കിങ് നിർബന്ധമാക്കുന്നത്. 

ശബരിമലയിൽ 80,000 തീർഥാടകർ പ്രതിദിനം എന്ന് തീരുമാനിച്ചത് വരുന്ന തീർഥാടകർക്ക് സുഗമമായി സുരക്ഷിതമായി ദർശനം നടത്താനാണെന്ന് മന്ത്രി പറഞ്ഞു. മാലയിട്ട് ഇരുമുടി കെട്ടുമായിവരുന്ന ഒരു തീർഥാടകനും തിരിച്ചു പോകേണ്ടിവരില്ല. ഒരു വിവാദത്തിന്റെയും പ്രശ്നമില്ല. എല്ലാവർക്കും ദർശനം ഉറപ്പാക്കുന്ന സാഹചര്യം ഉണ്ടാകും. ഭക്തർക്ക് പൂർണമായ സുരക്ഷിതത്വം ഒരുക്കും. ഒരു പ്രശ്നത്തിനും അവസരം ഉണ്ടാകില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാൽ അക്കാര്യത്തിൽ സർക്കാർ വിശദീകരണം നൽകും. ബോധപൂർവം പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചാൽ നോക്കിയിട്ട് നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

 

Sabarimala VN Vasavan