തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണ തൊഴിലാളിയായ ജോയിയുടെ മരണത്തിന് ഉത്തരവാദി ഇന്ത്യൻ റെയിൽവേയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.സംഭവത്തിൽ പരമാവധി നഷ്ടപരിഹാരം റെയിൽവേ ജോയിയുടെ കുടുംബത്തിന് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആമയിഴഞ്ചാൻ തോട് കടന്നുപോകുന്നത് റെയിൽവേ ലൈനുകൾക്കടിയിലൂടെയാണ്,റെയിൽവേ അവിടെ ഒന്നും ചെയ്യാൻ സമ്മതിക്കില്ല.1995-ൽ താൻ തിരുവനന്തപുരം മേയറായിരുന്നപ്പോൾ ശ്രമിച്ചതാണ്, അവർ സമ്മതിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.ട്രെയിനിൽ നിന്നുള്ള എല്ലാ മാലിന്യങ്ങളും ആമയിഴഞ്ചാൻ തോട്ടിലാണ് നിക്ഷേപിക്കുന്നത്.ആ മാലിന്യം നീക്കം ചെയ്യാനുള്ള നടപടി റെയിൽവേ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അതെസമയം മഴക്കാല പൂർവ ശുചീകരണം നടന്നില്ല എന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും ശിവൻകുട്ടി ആരോപിച്ചു.നിയമസഭയിലെ പ്രസംഗങ്ങൾ ഉദ്ധരിച്ച് രാഷ്ട്രീയ ലക്ഷ്യത്തോടെ സംസാരിക്കുകയാണ്. സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകുന്നതിനെ കുറിച്ച് ബുധനാഴ്ച മന്ത്രിസഭ തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ മാലിന്യപ്രശ്‌നം പ്രതിപക്ഷം നിയമസഭയിൽ കൊണ്ടുവന്നപ്പോൾ സർക്കാർ പരിഹസിക്കുകയാണ് ചെയ്തതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻറെ കുറ്റപ്പെടുത്തൽ. സംസ്ഥാനത്തെ ആരോഗ്യരംഗം അപകടകരമായ അവസ്ഥയിലേക്കാണ് പോകുന്നതെന്നും അദ്ദേഹം വിമർശിച്ചു.