സംസ്ഥാനത്തിന്റെ വ്യാവസായിക ഭൂപടത്തിലും സമ്പദ്ഘടനയിലും കുതിപ്പുണ്ടാക്കാന്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് കഴിയുമെന്ന് വ്യവസായവകുപ്പ് മന്ത്രി പി. രാജീവ്. കമ്മീഷനിങിന് തയ്യാറായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നടക്കുന്ന ചരക്കുനീക്കത്തിന്റെ ട്രയല്‍ റണ്‍ അടക്കമുളള പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായിയെത്തിയതായിരുന്നു അദ്ദേഹം.
വിഴിഞ്ഞം തുറമുഖത്തിന്റെ വ്യാവസായിക വളര്‍ച്ച ഒരു ജില്ലയില്‍ ഒതുങ്ങുന്നതല്ല. വിഴിഞ്ഞത്തിന്റെ വളര്‍ച്ചയെ അടിസ്ഥാനപ്പെടുത്തി വലിയൊരു ക്യാച്ച്‌മെന്റ് ഏരിയ സര്‍ക്കാര്‍ കാണുന്നുണ്ട്. ഇതില്‍ പ്രധാനം ലോജിസ്റ്റിക് പാര്‍ക്കുകളാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനകത്തും പുറത്തുനിന്നുമായി ലോജിസ്റ്റിക് പാര്‍ക്കുകള്‍ക്കായി വിവിധ കമ്പനികള്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.
വിഴിഞ്ഞത്തിന്റെ സാധ്യതകള്‍ പരിഗണിച്ച് സര്‍ക്കാര്‍ പുതിയ ലോജിസ്റ്റിക് പോളിസി അംഗീകരിച്ചിട്ടുണ്ട്. 20 കിലോമീറ്ററിനുളളിലെങ്കിലും ഒരു ലോജിസ്റ്റിക് പാര്‍ക്ക് സാധ്യമാക്കണമെന്നതാണ് സര്‍ക്കാരിന്റെ നയം. വ്യാവസായിക സംരഭകരെ ഉള്‍പ്പെടുത്തി ഫെബ്രുവരി 21, 22 ദിവസങ്ങളില്‍ കൊച്ചിയില്‍ ഇന്‍വെസ്റ്റ് കേരളാ ഗ്ലോബല്‍ ഉച്ചകോടി സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയോടൊപ്പം വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിന്റെ എം.ഡി. ഡോ. ദിവ്യാ എസ്. അയ്യര്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.പി.എം. മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി. എം.ഡി ഹരികിഷോര്‍, തുറമുഖ കമ്പനി സി.ഇ.ഒ. പ്രദീപ് ജയരാമന്‍ എന്നിവരും എത്തിയിരുന്നു.