അപകടമേഖലയെന്ന് അധികൃതര്‍ കണ്ടെത്തുന്ന സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ മാറി താമസിക്കാന്‍ തയ്യാറാകണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു. തൃശൂര്‍ ജില്ലയില്‍ ജാഗ്രത സന്ദേശം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരും സാഹസികത കാണിക്കാതെ സംയമനം പാലിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായ ദുരന്ത പ്രദേശത്തേക്ക് ഒമ്പത് മൊബൈല്‍ ആംബുലന്‍സുകള്‍, ആരോഗ്യ സംവിധാനങ്ങള്‍ എന്നിവ തൃശൂരില്‍ നിന്നും അയച്ചിട്ടുണ്ട്. ആറ് ട്രക്കുകളിലായി സാധനങ്ങള്‍ കയറ്റി അയച്ചതായും മന്ത്രി അറിയിച്ചു.
തൃശൂര്‍ ജില്ലയില്‍ ഇതുവരെ 144 ക്യാമ്പുകളിലായി 2984 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ആകെ 7864 പേരാണുള്ളത്. മണലി, കുറുമാലി, കരുവന്നൂര്‍, പുഴകളിലെ ജലനിരപ്പ് അപകടം നിലയുടെ മുകളിലാണ്. ഭാരതപ്പുഴ- ചെറുതുരുത്തി, ആളൂര്‍ എന്നിവ മുന്നറിയിപ്പ് നിലയുടെ മുകളിലുമാണ്. പീച്ചി, വാഴാനി, ചിമ്മിണി, പൂമല, അസുരന്‍കുണ്ട്, പത്താഴക്കുണ്ട്, പൊരിങ്ങല്‍കുത്ത് ഡാമുകളില്‍ നിന്നും ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്.