കല്‍പ്പറ്റ: ചരിത്രത്തിന്റെ ഭാഗമായി മാറുകയാണ് പട്ടിക ജാതി പട്ടിക വര്‍ഗ്ഗേ ക്ഷേമ മന്ത്രി ഒ ആര്‍ കേളു. എളിമയുടെയും ലാളിത്യത്തിന്റെയും പ്രതികമായി ജനമനസുകളില്‍ ഇടം നേടിയ ഒ ആര്‍, ഞായറാഴ്ചയാണ് സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
അദ്ദേഹത്തിന്റെ മന്ത്രി പദത്തിന് സവിശേഷതകളേറെ. പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള സംസ്ഥാനത്തെ രണ്ടാമത്തെ മന്ത്രിയാണ് ഇദ്ദേഹം. സി പി എമ്മിന്റെ വയനാട്ടിലെ ആദ്യ മന്ത്രിയെന്ന പ്രത്യേകതയും ഉണ്ട്.
1998 ല്‍ നായനാര്‍ സര്‍ക്കാര്‍ ജനകീയ ആസൂത്രണ പദ്ധതി കൊണ്ടുവന്നപ്പോള്‍ അതിന്റെ കണ്‍വീനറായാണ് പൊതുരംഗത്ത് അരങ്ങേറ്റം. രണ്ടായിരത്തിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തിരുനെല്ലി പഞ്ചായത്തിനെ നയിക്കാന്‍ അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി അന്തരിച്ച പി എ മുഹമ്മദ്, എല്‍ഡി എഫ് കണ്‍വീനര്‍ കെ വി മോഹനന്‍ എന്നിവര്‍ കണ്ടെത്തിയത് ഒ. ആര്‍. കേളുവിനെയാണ്.
എടയൂര്‍കുന്ന് വാര്‍ഡില്‍ നിന്ന് രണ്ടു തവണ തിരഞ്ഞെടുക്കപ്പെട്ട്, രണ്ടു തവണ തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആയിരിക്കെ 2016 ലാണ് നിയമസഭ സ്ഥാര്‍ത്ഥിയായത്. അന്നത്തെ സിറ്റിംഗ് എംഎല്‍യും മന്ത്രിയുമായ പി കെ ജയലക്ഷ്മിയെ 1307വോട്ടിന് തോല്‍പിച്ചാണ് നിയമസഭാ പ്രവേശനം. 2021ല്‍ വീണ്ടും 9732 വോട്ടുകള്‍ക്ക് ജയലക്ഷ്മിയെ തോല്‍പിച്ച് നിയമസഭയിലെത്തി.
ആദിവാസി ക്ഷേമ സമിതി കാലഘട്ടം മുതല്‍ മുന്‍നിരയില്‍ ഉണ്ടായിരുന്ന കേളു, എകെഎസിന്റെ സംസ്ഥാനെ സെക്രട്ടറിയും, ദേശീയ ഭാരവാഹിയുമായി. കഴിഞ്ഞ സി പി എം സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റിയംഗവുമായി.
മികച്ച കര്‍ഷകനാണ് ഇദ്ദേഹം. ഓലഞ്ചേരി കുടുംബാംഗമാണ്. ഭാര്യ പികെ ശാന്ത, മക്കള്‍ മിഥുന വേഗൂര്‍ ഫോറസ്റ്റ് ഓഫിസറാണ്. ഡിഗ്രി വിദ്യാര്‍ത്ഥി ഭാവനയാണ് മറ്റൊരു മകള്‍. രാഷ്ട്രിയഭേദമന്യ സുപരിചിതനായ ഒ ആര്‍ കേളു അടിയാള വിഭാഗത്തിന്റെ പ്രതീക്ഷയുടെ തിരിനാളമാണ്.