തിരുവനന്തപുരം: തനിക്കെതിരായ നുണപ്രചാരണങ്ങളിൽ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്.ഒരാവശ്യവുമില്ലാതെ തുടർച്ചയായി തന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
വസ്തുതയില്ലെന്ന് ബോധ്യമായിട്ടും നുണപ്രചാരകർ തിരുത്താൻ തയ്യാറാകുന്നില്ലെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.
'ഒരാവശ്യവുമില്ലാതെ തുടർച്ചയായി എന്നെ പ്രശ്നങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണ്. തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. ഇങ്ങനെ വലിച്ചിഴയ്ക്കുന്ന വിഷയങ്ങളിൽ വസ്തുതയില്ല എന്ന് ബോധ്യപ്പെട്ടാൽ നുണപ്രചാരണം നടത്തിയവർ തിരുത്താനും തയാറാകുന്നില്ല. ജനങ്ങൾക്ക് എന്നെ നന്നായി അറിയാം'. ഈ രീതി അന്യായമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു'
തട്ടിപ്പുകൾ നടന്നാൽ അതിനെതിരെ കർക്കശമായ, മുഖം നോക്കാതെയുള്ള നിലപാട് സ്വീകരിക്കുന്നവരാണ് എൽഡിഎഫ് സർക്കാർ.അടുത്ത കാലത്തുണ്ടാകുന്ന ആരോപണങ്ങൾ ഒരു കാര്യവുമില്ലാതെ എന്നെ വ്യക്തിപരമായി അക്രമിക്കുന്നതാണ്. എന്നാൽ പിന്നീട് ആ വിഷയം എവിടെയും എത്തില്ല. അതിലൊന്നും ഒരു വസ്തുതയും ഇല്ലെന്ന് ബോധ്യമാകും'; മന്ത്രി കൂട്ടിച്ചേർത്തു
മന്ത്രി മുഹമ്മദ് റിയാസ് വഴി പിഎസ്‌സി അംഗത്വം ശരിയാക്കാമെന്ന് സിപിഐഎം ഏരിയാ തലത്തിൽ പ്രവർത്തിക്കുന്ന യുവ നേതാവ് വാഗ്ദാനം നൽകിയെന്ന പരാതിയാണ് നിലവിൽ വിവാദമായിരിക്കുന്നത്. 60 ലക്ഷം രൂപയാണ് ഇയാൾ ആവശ്യപ്പെട്ടതെന്നും ആദ്യഘഡുവായി 22 ലക്ഷം രൂപ കൈപ്പറ്റിയെന്നും പരാതിയിൽ പറയുന്നു. സിപിഐഎം പിഎസ്‌സി അംഗങ്ങളെ തീരുമാനിച്ചപ്പോൾ പണം നൽകിയ ആളുടെ പേര് ഉണ്ടായിരുന്നില്ല. ഇതോടെ ആയുഷ് വകുപ്പിൽ സ്ഥാനം വാഗ്ദാനം ചെയ്ത് ഇദ്ദേഹത്തെ അനുനയിപ്പിച്ച് നിർത്തി.
എന്നാൽ ഇതും നടക്കാതെ വന്നതോടെയാണ് തട്ടിപ്പിനിരയായ ആൾ പാർട്ടിക്ക് പരാതി നൽകിയത്. സാമ്പത്തിക ഇടപാട് വ്യക്തമാക്കുന്ന ശബ്ദസന്ദേശങ്ങളും ഇയാൾ പാർട്ടിക്ക് കൈമാറിയതായാണ് സൂചന. പരാതിയിൽ സിപിഐഎം സംസ്ഥാന നേതൃത്വം പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് മന്ത്രി മുഹമ്മദ് റിയാസും ആവശ്യപ്പെട്ടിരുന്നു. പരാതിയിൽ വിശദമായ അന്വേഷണം നടത്താനാണ് പാർട്ടി നേതൃത്വത്തിന്റെ തീരുമാനം.